തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം ക്യാമ്പെയിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഹരിത കേന്ദ്രങ്ങളാകുന്നു. കാട്ടായിക്കോണം ഡിവിഷനിൽ ഉൾപ്പെടുന്ന മടവൂർപ്പാറയാണ് ആദ്യ ഹരിത ടൂറിസം കേന്ദ്രം. നവകേരള മിഷന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷനും നഗരസഭയും പുരാവസ്‌തു വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന തരത്തിൽ സഞ്ചാരികൾ വലിച്ചെറിയുന്ന എല്ലാ വസ്തുക്കളും ശേഖരിച്ച് അവയെ സംസ്‌കരിച്ചാണ് ഹരിത ഇടങ്ങളായി പ്രഖ്യാപിക്കുന്നത്. ഇതുസംബന്ധിച്ച് സന്ദർശകർക്ക് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ നൽകും. മാലിന്യങ്ങൾ വ്യത്യസ്‌ത ബിന്നുകളിലൂടെ വേർതിരിച്ച ശേഷം അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് കൈമാറുകയും ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുകയും ചെയ്യും. ജില്ലയിൽ ഇതുവരെ 368 വിദ്യാലയങ്ങൾ,44 കലാലയങ്ങൾ,1425 സ്ഥാപനങ്ങൾ,15 ടൗണുകൾ,5 വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഹരിത പദവിലേക്ക് എത്തിയിട്ടുണ്ട്.

മടവൂർപ്പാറ

സമുദ്രനിരപ്പിൽ നിന്ന് 350 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തെക്കേ ഇന്ത്യയിലെ പ്രധാന ഗുഹാ ക്ഷേത്രമാണ് മടവൂർപ്പാറ. പാറയുടെ മുകളിലെത്തുന്നവർക്ക് മനോഹരമായ പച്ചപ്പും പ്രകൃതി സൗന്ദര്യവും വേണ്ടുവോളം ആസ്വദിക്കാനും പാറമുകളിൽ നിന്ന് സൂര്യാസ്‌തമയം കാണാനും കഴിയും. എയർപോർട്ട്,ടെക്‌നോപാർക്ക്,ടെക്‌നോസിറ്റി എന്നിവയുടെ മനോഹര ദൂരക്കാഴ്ചകളും മടവൂർപാറമുകളിലെ സവിശേഷതയാണ്.