
□31ന് തീർത്ഥാടക സമ്മേളനം ഉദ്ഘാടകൻ മുഖ്യമന്ത്രി
തിരുവനന്തപുരം: 92-ാമത് ശിവഗിരി തീർത്ഥാടനം ഡിസംബർ 30 ന് രാവിലെ 10 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്യും. 30,31, ജനുവരി ഒന്ന് തീയതികളിലായി നടക്കുന്ന തീർത്ഥാനടത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 31 ന് രാവിലെ 10 ന് തീർത്ഥാടക മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തീർത്ഥാടന ഉദ്ഘാടന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണവും മന്ത്രി എം.ബി. രജേഷ് മുഖ്യപ്രഭാഷണവും നിർവഹിക്കും . 11.30 ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനായിരിക്കും. ചടങ്ങിൽ നാരയണഗുരുകുലം അദ്ധ്യക്ഷൻ ഗുരുമുനിനാരായണപ്രസാദിനെ ആദരിക്കും. രമേശ് ചെന്നിത്തല എം.എൽ.എ വിശിഷ്ടാതിഥിയായിരിക്കും. ഉച്ചയ്ക്ക് 2 ന് മന്ത്രി കെ.എൻ.ബാലഗോപാൽ ശാസ്ത്രസങ്കേതിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അനന്തരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5 ന് ശുചിത്വം, ആരോഗ്യം, ഉന്നതവിദ്യാഭ്യാസം സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ. മാർത്താണ്ഡപിള്ള, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സിസ തോമസ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും. രാത്രി 7 ന് കലാപരിപാടികളുടെ ഉദ്ഘാടനം മല്ലിക സുകുമാരൻ നിർവഹിക്കും.