തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങൾ അപ്രതീക്ഷിതമായും ആർക്കും പ്രവചിക്കാനാവാത്ത തീവ്രതയിലും ഉണ്ടാകുന്നത് സമീപകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് കളക്ടർ അനുകുമാരി അഭിപ്രായപ്പെട്ടു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവും ജില്ലാ ആപ്ദ മിത്ര അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ലയിലെ തിരഞ്ഞെടുത്ത പന്ത്രണ്ട് ആപ്ദ മിത്ര അംഗങ്ങൾക്ക് കളക്ടർ ബാഡ്‌ജ് ഒഫ് ഓണർ വിതരണം ചെയ്തു. മറ്റ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്‌തു.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പജ്യോതി,ജില്ലാ ഫയർ ഓഫീസർ സൂരജ്.എസ്,ജില്ലാ ദുരന്ത നിവാരണ അതോറിട്ടി സ്‌പെഷ്യൽ വില്ലേജ് ഓഫീസർ എ.ഷാനവാസ്,ഹസാർഡ് അനലിസ്റ്റ് ദേവിക.ബി.എസ് എന്നിവർ പങ്കെടുത്തു.