swami-sandrananda

ശിവഗിരി: മാനസിക സംഘർഷം നേരിടുന്ന വേളകളിൽ മന:ശാന്തിക്ക് ഗുരുദേവ ദർശനം ഉൾക്കൊള്ളുന്നതിലൂടെ കഴിയുമെന്ന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ഗുരുദേവ കൃതികളായ ദൈവദശകവും, ആത്മോപദേശശതകവും, ദർശനമാലയുമൊക്കെ പഠിക്കുക വഴി മനുഷ്യനു മനസ്സിനെ നിയന്ത്രിക്കാനാവും. ജപവും ധ്യാനവും നിത്യജീവിതത്തിന്റെ ഭാഗമാക്കാനുമാകണം. . ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന ഗുരുധർമ്മ പ്രബോധനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ധ്യാനത്തിന്റെ വഴികളിൽ നിന്നും ശ്രീനാരായണ ഗുരുദേവൻ കണ്ടെത്തി സമൂഹത്തിന് പകർന്നു നല്‍കിയ ജീവിത മാർഗം സ്വീകരിക്കാൻ തയ്യാറാകാതെ ഗുരുക്കന്മാരെ ചോദ്യം ചെയ്യുന്നതു വരെ മനുഷ്യർ എത്തി നില്ക്കുകയാണ്. ഗുരുവാക്യത്തിലെ യാഥാർത്ഥ്യം കണ്ടെത്തി ജീവിക്കുമ്പോൾ നമുക്ക് ഗുരുക്കന്മാരെ കുറ്റപ്പെടുത്തേണ്ടി വരില്ലെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.

ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആമുഖ പ്രഭാഷണം നടത്തി. അനിലഅജു ആരക്കുന്നം ഗുരുവിന്റെ സമന്വയ ദർശനത്തിലും മോഹനൻനായർ ഗുരുദേവന്റെ ആദ്ധ്യാത്മ ദർശനത്തിലും പ്രഭാഷണങ്ങൾ നടത്തി. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി ,വർക്കല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുരേഷ് ബാബു പ്ലാവഴികം എന്നിവർ സംസാരിച്ചു. വിജയലത ഗുരുദേവ കൃതി ആലാപനം നടത്തി.

ഫോട്ടോ: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന ഗുരുധർമ്മ പ്രബോധനത്തിൽ സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു. ഡോ.സനൽകുമാർ, മോഹനൻനായർ, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, അനിലഅജു ആരക്കുന്നം, സ്വാമി സച്ചിദാനന്ദ, കെ.ടി.സുകുമാരൻ, സുരേഷ്ബാബു പ്ലാവഴികം എന്നിവർ സമീപം.