തിരുവനന്തപുരം: കുറച്ചുകാലം മാത്രം സാഹിത്യസൃഷ്ടികൾ നടത്തിയ കഥാകൃത്ത് ആർ.രാമരുവിന്റെ പ്രസിദ്ധീകരിക്കാത്ത കഥകൾ കോർത്തിണക്കി പുസ്‌തകമാക്കി മകൾ തനൂജ ഭട്ടതിരി. ലളിതാംബികാ അന്തർജ്ജനത്തിന്റെ മകൾ മണികൃഷ്‌ണന്റെ ഭർത്താവാണ് 2007ൽ അന്തരിച്ച ആർ.രാമരു. 'ആർ.രാമരുവിന്റെ കഥകൾ' എന്നു പേരിട്ട പുസ്‌തകം ഇന്നലെ പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ വയലാർ രാമവർമ്മയുടെ മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ പ്രകാശനം ചെയ്‌തു.

വയലാർ രാമവർമ്മയും ലളിതാംബികാ അന്തർജനവും തമ്മിൽ ചേച്ചി-അനുജൻ ബന്ധമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അച്ഛനെഴുതിയ കത്തുകൾ അന്തർജ്ജനം സൂക്ഷിച്ചുവച്ചു. ഒരു തിരക്കഥ പോലെ വായിക്കാനും ചിത്രം പോലെ കണ്ട് ആസ്വദിക്കാനുമാവുന്ന കഥകളാണ് രാമരുവിന്റേത്. സാഹിത്യത്തിൽ പഴയ തലമുറയെന്നും പുതിയ തലമുറയെന്നും വേർതിരിവുള്ള കാലത്ത് രണ്ടുതലമുറകളെ കൂട്ടിച്ചേർക്കുന്ന പുസ്‌തകപ്രകാശനമാണിത്. വായനക്കാരനെ ചിന്തിപ്പിക്കുന്ന തരത്തിലാകണം രചനകൾ ഉണ്ടാകേണ്ടതെന്നും വയലാർ ശരത്ചന്ദ്രവർമ്മ കൂട്ടിച്ചേർത്തു.

സാഹിത്യകാരി ദത്താത്രേയ ദത്തു പുസ്‌തകം ഏറ്റുവാങ്ങി. കെ.വി.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. പുസ്‌തകത്തിന്റെ പ്രസാധകരായ ജി.വി ബുക്‌സിന്റെ എം.ഡി ജി.വി.രാകേശ്,എം.എ.അസ്‌കർ,സെക്രട്ടേറിയറ്റ് മുൻ അഡി.സെക്രട്ടറി സജിനി.എസ്,തനൂജ ഭട്ടതിരി,രാമരുവിന്റെ മറ്ര് കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.