തിരുവനന്തപുരം: വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നാളെ തിരുവനന്തപുരത്ത് ആഗോള വിശ്വകർമ്മ ഉച്ചകോടി സംഘടിപ്പിക്കും. രാവിലെ 10ന് വൈ.ഡബ്ളിയു.സി.എ ഹാളിൽ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒമാൻ,ഖത്തർ,കുവൈറ്ര്,സൗദിഅറേബ്യ,യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിശ്വകർമ്മ സംഘടനാ നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഉദ്ഘാടന സമ്മേളനത്തിൽ വിശ്വകർമ്മജരും രാഷ്ട്രീയാധികാരവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കും.ഐക്യവേദി കൺവീനർ ടി.കെ.സോമശേഖരൻ വിഷയം അവതരിപ്പിക്കും.സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ,സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം വി.പി.ഉണ്ണിക്കൃഷ്ണൻ,ബി.ജെ.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി കരമന ജയൻ,മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 3ന് പൊതുസമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ഐക്യവേദി ചെയർമാൻ ഡോ.ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.കുലശ്രേഷ്ഠ പുരസ്കാരത്തിന് അർഹരായ ഉണ്ണിക്കൃഷ്ണൻ വി.എൻ,കരിയ്ക്കകം ത്രിവിക്രമൻ,മുരുകൻ ആറന്മുള,ബാലകൃഷ്ണൻ ആചാരി,ഗണേഷ് സുബ്രഹ്മണ്യം എന്നിവരെ ചടങ്ങിൽ ആദരിക്കും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടും സമ്മേളനം ചർച്ച ചെയ്യും. ഡോ.ബി.രാധാകൃഷ്ണൻ, ടി.കെ.സോമശേഖരൻ,ഓർഗനൈസിംഗ് കൺവീനർ വിഷ്ണുഹരി,പ്രോഗ്രാം ജോയിന്റ് കൺവീനർ സാബുസുകുമാർ പബ്ളിസിറ്റികൺവീനർ ജയമോഹൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.