
തിരുവനന്തപുരം: ദുരന്തങ്ങൾ നേരിട്ടപ്പോൾ എയർലിഫ്‌റ്റിംഗ് നടത്തിയതിന് വ്യോമസേന ആവശ്യപ്പെട്ട 132 കോടി രൂപ കേന്ദ്രം നൽകട്ടെയെന്ന് മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യോമസേനയുടെ ചെലവ് കേന്ദ്ര ദുരന്തനിവാരണ വകുപ്പ് നൽകട്ടെ. കേരളത്തോട് ചോദിക്കുന്നത് എന്തിനാണ്? കേന്ദ്രത്തിലെ രണ്ട് വകുപ്പുകൾ തമ്മിലുള്ള പണക്കൈമാറ്റത്തിലൂടെ തീർക്കേണ്ട പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് 153കോടി നൽകിയെന്നാണ് കേന്ദ്രത്തിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ്സെക്രട്ടറിക്കയച്ച ഓഫീസ് മെമ്മോറാണ്ടത്തിൽ 153.467കോടി രൂപ എൻ.ഡി.ആർ.എഫിന്റെ ഉന്നതാധികാര സമിതി അംഗീകരിച്ചെന്ന് മാത്രമാണുള്ളത്. അതായത് പണം നൽകിയിട്ടില്ല, കണക്കിൽ മാത്രമാണുള്ളതെന്ന് മന്ത്രി രാജൻ വ്യക്തമാക്കി.