k

തിരുവനന്തപുരം: ഭരണഘടനാ ശിൽപികളിൽ പ്രധാനിയായ അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് മന്ത്രി പദവിയിലിരിക്കാൻ അർഹതയില്ലെന്നും അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ..

ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ഗോൾവാർക്കറുടെ വിചാരധാരയെ മാനിക്കുന്നവരാണു ബി.ജെ.പിക്കാരും കേരളത്തിലെ നല്ലൊരുവിഭാഗം കോൺഗ്രസുകാരും. അങ്ങനെയുള്ളവർക്ക് ചാതുർവർണ്യത്തിൽ ഉൾപ്പെടാത്തവരെ യഥാർത്ഥ മനുഷ്യനായി പരിഗണിക്കുകയെന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. അതുകൊണ്ടാണ് അംബേദ്ക്കറിനെയും അദ്ദേഹം മുന്നോട്ടുവച്ച നിലപാടുകളേയും സംഘപരിവാർ പ്രത്യയശാസ്ത്രം ശക്തിയുക്തം ആക്രമിക്കുന്നത്. ഇത്രയും പരിഹാസ്യമായ നിലപാടാണു അവർണ്ണ വിഭാഗത്തോട് ഇവർ സ്വീകരിക്കുന്നത്. അംബേദ്ക്കർ ഉൾപ്പെടെ രൂപപ്പെടുത്തിയ ഭരണഘടനയോട് ഇവർക്കു പുച്ഛമാണ്. ജനാധിപത്യത്തിന് അടിസ്ഥാനമായ ഭരണഘടനയ്ക്കു പകരം ചാതുർവർണ്ണ്യം അടിസ്ഥാനമാക്കിയ മനുസ്മൃതിയെ ആധാരമാക്കിയുള്ള ഭരണമാണു വേണ്ടതെന്ന് ഇവർ വാദിച്ചുകൊണ്ടിരിക്കുന്നത് അതിനാലാണ്.

മെക് 7 വർഗീയ

കൂട്ടായ്മല്ല

മെക്ക് 7 ആരോഗ്യകൂട്ടായ്മ വർഗീയമായി പ്രവർത്തിക്കുന്നുവെന്നു സി.പി.എം. പറഞ്ഞിട്ടില്ല.
ഇത്തരം സംഘടനകൾക്കുള്ളിൽ ആളുകൾ നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന കാര്യമാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ പറഞ്ഞത്. ഏതെങ്കിലും ഒരു ഭാഗത്തിന്റെ കായികമായ കാര്യങ്ങൾ വർഗീയമാണെന്ന നിലപാട് പാർട്ടിക്കില്ല.

മന്ത്രിമാറ്റത്തെക്കുറിച്ച് എൻ.സി.പി തങ്ങളെ അറിയിച്ചിട്ടില്ല. എൻ.സി.പിയുടെ മന്ത്രി ആരാകണമെന്നു തീരുമാനിക്കേണ്ടത് അവരാണ്. തീരുമാനം അറിയിക്കുമ്പോൾ നിലപാട് സ്വീകരിക്കാം. ഇതു സംബന്ധിച്ച് പ്രകാശ് കാരാട്ടുമായി ചർച്ച നടത്തിയത് ഇവിടെ തീരുമാനിക്കേണ്ട കാര്യമാണെങ്കിൽ ഇവിടേക്ക് അറിയിക്കും. ഇപ്പോൾ അങ്ങനൊരു കാര്യം തങ്ങളുടെ മുന്നിലില്ലെന്നും ഗോവിന്ദൻ പറഞ്ഞു.