തിരുവനന്തപുരം: രാജാജി നഗർ കോളനിയിലെ മാലിന്യ പ്രശ്നപരിഹാരത്തിനായി പ്രത്യേക ട്രീറ്റ്മെന്റ് പ്ളാന്റിന്റെ നിർമ്മാണം പുതുവർഷത്തിൽ ആരംഭിക്കും.ഒരു മാസം മുൻപ് ടെൻഡർ ചെയ്ത പദ്ധതിക്ക് മാനദണ്ഡങ്ങൾക്കനുസരിച്ച് യോഗ്യരായി ആരുമെത്തിയില്ല.തുടർന്ന് പദ്ധതി റീ ടെൻഡർ ചെയ്തു.ചെറിയ സ്ഥലത്ത് നി‌ർമ്മിക്കുന്ന കോംപാക്ട് ട്രീറ്റ്മെന്റ് പ്ളാന്റാണ് നഗരസഭ ഉദ്ദേശിക്കുന്നത്.

ഇവിടെനിന്നുണ്ടാകുന്ന മലിനജലം സംസ്‌കരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങളില്ല. ഈ ജലം ആമയിഴഞ്ചാൻതോട്ടിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ഇടുങ്ങിയ വഴികളായതിനാൽ പൊതുനിരത്തിലുള്ളതു പോലുള്ള സ്വീവറേജ് സംവിധാനം സ്ഥാപിക്കാൻ നിരവധി തടസങ്ങളുണ്ട്.നഗരസഭ ഫണ്ട് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആമയിഴഞ്ചാൻ തോടിന് മുകളിൽ ചെറിയ ഭാഗത്ത് സ്റ്റാബുകളിട്ട് അതിന് മുകളിൽ സ്വീവറേജ് പ്ളാന്റ് സ്ഥാപിക്കാൻ പദ്ധതിയിട്ടെങ്കിലും അത് സ്ഥാപിക്കാൻ സാദ്ധ്യതയില്ല. തോട്ടിലേക്ക് അല്പം പോലും മാലിന്യമിറങ്ങാതെയായിരിക്കും നിർമ്മാണ രീതി.ഇതിൽ സംസ്കരണം നടന്ന് വെള്ളം ശുദ്ധീകരിച്ചശേഷം മാത്രം ആമയിഴഞ്ചാൻതോട്ടിലേക്ക് തുറന്നു വിടുന്ന പദ്ധതിയാണ്.

സ്ഥാപിക്കുന്നത് - 5 എം.എൽ.ഡി സംഭരണ ശേഷിയുള്ള പ്ളാന്റ്

ആദ്യഘട്ടത്തിൽ വകയിരുത്തിയത് - 6 കോടി രൂപ

ഭൂഗ‌ർഭ പ്ളാന്റിന് മുൻഗണന

രാജാജിനഗറിൽ പുതുതായി നിർമ്മിക്കുന്ന ഫ്ളാറ്റുകൾക്ക് സമീപമാണ് പ്ളാന്റ് നിർമ്മിക്കുന്നത്.സ്ഥലം കുറവായതുകൊണ്ട് ഭൂഗർഭ ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കാനുള്ള ആലോചനയുമുണ്ട്. ഇതിനായി നാല് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇവിടെ ടാങ്ക് സ്ഥാപിച്ച് ശുദ്ധീകരണമൊക്കെ നടത്താനാകും.