
തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും, വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക സഹായവും അഭ്യർത്ഥിച്ച് സംസ്ഥാനം.
ബഡ്ജറ്റ് തയ്യാറാക്കലിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ രാജസ്ഥാനിലെ ജയ്സാൽമറിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രി കെ.എൻ.ബാലഗോപാൽ കേരളത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവച്ചത്.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ  അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലഭ്യമാകുംവിധം പ്രത്യേക പാക്കേജ് അനുവദിക്കണം. ജി.എസ്.ടി സമ്പ്രദായം പുർണസജ്ജമാകുന്നതു വരെ നഷ്ടപരിഹാര വ്യവസ്ഥ തുടരണം. വയനാട് ദുരന്ത ബാധിതർക്കായി വീടുകളും സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെട്ട ടൗൺഷിപ്പ് നിർമ്മാണത്തിന് പാക്കേജ് കൂടിയേ തീരൂ.
വിഴിഞ്ഞത്തിനു
വേണം 5000 കോടി
 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർവികസന പ്രവർത്തനങ്ങൾക്കായി 5000 കോടി
 മനുഷ്യ-മൃഗ സംഘർഷ പരിഹാര പദ്ധതിക്ക് 1000 കോടി, റബറിന് താങ്ങുവിലയ്ക്ക് 1000 കോടി
 നെല്ല് സംഭരണവുമായി ബന്ധപ്പെട്ട സപ്ലൈകോ ബാദ്ധ്യത തീർക്കാനുൾപ്പെടെ 2000 കോടി
ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ നൽകിയ 6,000 കോടി വായ്പയായി അനുവദിക്കണം സംസ്ഥാനത്തിന്റെ വായ്പാപരിധി 3ൽ നിന്ന് 3.5 ശതമാനമായി ഉയർത്തണം