police

ഒരു സ്റ്റേഷനിലെ പൊലീസുകാരുടെ ചുമതലകൾ കേട്ടാൽ അന്തംവിട്ടുപോകും! കേസന്വേഷണം, ജനറൽ ഡയറി, സ്റ്റേഷൻ സെക്യൂരിറ്റി, ജീപ്പ് പട്രോളിംഗ്, ബൈക്ക് പട്രോളിംഗ്, റൈറ്റർ, അസി. റൈറ്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, കോടതി ഡ്യൂട്ടി, തപാൽ ഡ്യൂട്ടി, തടവുകാരുടെ അകമ്പടി, പിക്കറ്റ് ഡ്യൂട്ടി, വാഹന പരിശോധന, പെറ്റി ക്വാട്ട തികയ്ക്കൽ, ഗതാഗത നിയന്ത്രണം, വി.ഐ.പി അകമ്പടി, കുറ്റപത്രങ്ങളുടെ എണ്ണം തികയ്ക്കൽ, വാറണ്ട് നടപ്പാക്കൽ, പ്രതിയെ പിടിക്കൽ, ജനമൈത്രി, പിങ്ക് പൊലീസ്, സ്റ്റുഡന്റ് പൊലീസ്... ഇത്രയും ഡ്യൂട്ടി ചെയ്യാൻ സ്റ്റേഷനിൽ 118 പൊലീസുകാരെങ്കിലും വേണ്ടതാണ്. പക്ഷേ, ശരാശരി 44 പേരേയുള്ളൂ!

ഈ സാഹചര്യമാണ് പൊലീസിന് അമിത ജോലിഭാരമുണ്ടാക്കുന്നത്. മാനസിക സംഘർഷങ്ങൾക്കും ആത്മഹത്യകൾക്കും വഴിവയ്ക്കുന്നതും ഇതുതന്നെ. കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനമുള്ളവർ ലഘുവായ ഡ്യൂട്ടികൾ നേടിയെടുക്കുമ്പോൾ മറ്റുള്ളവർക്ക് ജോലിഭാരമേറും. എട്ടു മണിക്കൂർ ഡ്യൂട്ടി അമ്പതോളം സ്റ്റേഷനുകളിലേയുള്ളൂ. മറ്റുള്ളിടങ്ങളിൽ 16- 18 മണിക്കൂർ വീതമാണ് ഡ്യൂട്ടി. ജീർണിച്ച നിലയിലായതടക്കം മൃതശരീരങ്ങൾക്ക് ഇൻക്വസ്റ്റ് വരെ കാവൽ നിൽക്കുന്ന ഡ്യൂട്ടി ആഴ്ചയിൽ മൂന്നും നാലും കിട്ടുന്ന പൊലീസുകാരുണ്ട്!

മതിയായ ഉറക്കമോ ഭക്ഷണമോ ഇവർക്കു കിട്ടാറില്ല. ഈ മന:സംഘർഷമാണ് അവരെ വിഷാദ രോഗികളാക്കുന്നത്. അതേസമയം, രാഷ്ട്രീയ ബന്ധമുള്ളവർ വർക്കിംഗ് അറേഞ്ച്മെന്റ്, അദർ ഡ്യൂട്ടി, സ്പെഷ്യൽ ഡ്യൂട്ടി എന്നിങ്ങനെ ഓമനപ്പേരിട്ട് സുഖകരമായ ലളിതജോലികൾ നേടിയെടുക്കും. കഠിനമായ തുടർഡ്യൂട്ടികൾ കാരണം കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന പ്രശ്നങ്ങൾ വലിയ സമ്മർദ്ദത്തിലേക്കും വിഷാദത്തിലേക്കും വഴിമാറുന്നു. പിടിച്ചുനിൽക്കാൻ കഴിയാത്തവർ ആത്മഹത്യയിൽ അഭയം തേടുന്നു. അതേസമയം, മാനസിക പിരിമുറക്കം കുറയ്ക്കാൻ പൊലീസുകാർ യോഗ ചെയ്യണമെന്നാണ് വകുപ്പിന്റെ നിർദ്ദേശം.

പൊലീസുകാരെ മാനസികമായി ശക്തരാക്കാൻ കൗൺസലിംഗും യോഗ പരിശീലനവുമൊക്കെ നൽകിയിട്ടും രക്ഷയില്ല. സേനാംങ്ങളുടെ മാനസിക, കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സൈക്കോളജിസ്റ്റുകൾ ഉൾപ്പെട്ട സമിതിയുമുണ്ടാക്കി. മാനസിക സംഘർഷമുള്ളവരെ കൗൺസലിംഗിന് അയയ്ക്കാനും ആ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കാനും ഡി.ജി.പിയായിരിക്കെ ലോകനാഥ് ബെഹറ ഉത്തരവിട്ടിരുന്നു. മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ സേനാംഗങ്ങൾക്ക് ദീർഘനേരം തുടർച്ചയായി ഡ്യൂട്ടി നൽകരുതെന്ന ഡി.ജി.പിയുടെ നിർദ്ദേശവും ഫലം കണ്ടില്ല. തുടർച്ചയായി ഡ്യൂട്ടി ചെയ്ത പൊലീസുകാർ കുഴഞ്ഞുവീണ സംഭവങ്ങളുമുണ്ട്.

ഫലം കാണാത്ത

'കാവൽ കരുതൽ"

ആത്മഹത്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരംഭിച്ച 'കാവൽ കരുതൽ" പദ്ധതിയും ഫലംകണ്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഔദ്യോഗികവും വ്യക്തിപരവും സർവീസ് സംബന്ധവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സ്റ്റേഷൻ തലത്തിലും ജില്ലാ പൊലീസ് ഓഫീസ് തലത്തിലും സമിതികൾ രൂപീകരിക്കാനുള്ള പദ്ധതിയാണിത്. അന്നുതന്നെ തീർപ്പാക്കാൻ കഴിയുന്നവയാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കണം. പരമാവധി ഏഴു ദിവസത്തിനുള്ളിൽ.

ഇവിടെ പരിഹരിക്കാൻ കഴിയാത്ത പരാതികൾ ജില്ലാ പൊലീസ് മേധാവിക്ക് അയയ്ക്കണം. ആവശ്യമെങ്കിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസ് മുഖേന പരാതി അറിയിക്കാനുമാവും. പരാതിയുള്ളവർക്ക് എ.ഡി.ജി.പി ഓഫീസിൽ നേരിട്ടെത്തി പരാതി അറിയിക്കാൻ ഇൻ- പേഴ്സൺ സംവിധാനവും നടപ്പാക്കും. ഇതിനായി തിരുവനന്തപുരത്തെത്താൻ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം.

ജോലി സമ്മർദ്ദം കാരണമുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് പരിഷ്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. സേനയിലെ അംഗബലം കുറവായതിനാൽ പൊലീസുദ്യോഗസ്ഥർക്ക് വിശ്രമവും പ്രതിവാര അവധിയും ലഭിക്കാത്തതു കാരണം മാനസിക സമ്മർദ്ദം കൂടിവരുന്നു. ഇത് പൊലീസിന്റെ കാര്യക്ഷമതയെ ബാധിക്കും. പല സ്റ്റേഷനുകളിലും മതിയായ അംഗബലം ഇല്ലാത്തതിനാൽ ക്രമസമാധാന പരിപാലനം യഥാവിധി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. സ്റ്റേഷൻ പരിധിയിലെ ജനസാന്ദ്രതയ്ക്ക് അനുസരിച്ച് അംഗബലം പരിഷ്കരിച്ചാലേ ക്രമസമാധാന ചുമതലകൾ സമയബന്ധിതമായി നിർവഹിക്കാനാവൂ. വി.ഐ.പി ഡ്യൂട്ടിക്ക് പൊലീസുദ്യോഗസ്ഥർ പോകുമ്പോൾ സ്റ്റേഷനിലെ ക്രമസമാധാന കാര്യങ്ങൾ അവതാളത്തിലാകുന്നതായി പരാതിയുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

ആത്മഹത്യ തടയാൻ

ഏഴു നിർദ്ദേശങ്ങൾ

1) വ്യക്തിപരമായതും ജോലി സംബന്ധവുമായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ മെന്ററിംഗ് സംവിധാനം.

2) പൊലീസ് ഉദ്യോഗസ്ഥർക്ക് അരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അനുയോജ്യമായ വേദി ഒരുക്കണം.

3) സേനാംഗങ്ങൾക്ക് വീക്കിലി ഓഫും അനുവദനീയമായ അവധികളും കൃത്യമായി നൽകണം.

4) പൊലീസുകാർക്ക് മാനസിക പ്രശ്നങ്ങളുണ്ടാകുമ്പോൾ സഹപ്രവർത്തകർ ആത്മാർത്ഥമായി ഇടപെടണം.

5) സേനാംഗങ്ങൾക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാൻ യോഗ പരിശീലനം നൽകണം.

6) മാനസിക പരിമുറുക്കം കുറയ്ക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കണം.

7) പൊലീസുകാർക്ക് ആവശ്യമായ സമയത്ത് ചികിത്സയും കൗൺസലിംഗും നൽകണം.

(ആഭ്യന്തര വകുപ്പ് പുറത്തിറക്കിയത്)

( അവസാനിച്ചു)