
പാറശാല: വ്യാജ രേഖ ചമച്ച് നേടിയ കോടതി ഉത്തരവുമായി കേരള സർക്കാരിന്റെ പുറമ്പോക്ക് ഭൂമി കൈയേറാൻ ശ്രമിച്ച സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വിഫലമായി. കേരള ,തമിഴ്‌നാട് അതിർത്തിയിൽ വന്യക്കോട് വാർഡിലെ പാറശാല വില്ലേജിൽപെട്ട വസ്തുവാണ് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ കൈയേറാനുള്ള ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വിഫലമായത്. ഏകപക്ഷീയമായി വസ്തു അളന്ന് തിട്ടപ്പെടുത്താനും ജെ.സി.ബി ഉപയോഗിച്ച് ഭൂമി കൈയേറാനുമുള്ള ശ്രമമാണ് നടന്നത്. കഴിഞ്ഞദിവസം രാവിലെയാണ് തമിഴ്‌നാട്ടിലെ കുഴിത്തുറ കോടതിയുടെ ഉത്തരവുമായി തമിഴ്‌നാട് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കോടതി ജീവനക്കാരും മറ്റും സ്ഥലത്തെത്തിയത്.ഏകപക്ഷീയമായി വസ്തു അളന്ന് തിട്ടപ്പെടുത്തിയ ശേഷം ജെ.സി.ബി ഉപയോഗിച്ച് ഭൂമി കയ്യേറാനുമുള്ള ശ്രമമാണ് നടന്നത്. എന്നാൽ കേരളത്തിൽ ഉൾപ്പെട്ടതും കഴിഞ്ഞ അൻപത് വർഷമായി സ്ഥലത്തെ തങ്കമണി എന്നയാളും കുടുംബവും കൈവശംവച്ച് അനുഭവിച്ച് വരുന്നതും രേഖകളിൽ കേരള സർക്കാരിന്റെ പുറമ്പോക്ക് വസ്തുവാണെന്ന് വ്യക്തമായിട്ടുമുള്ള വസ്തുവാണ് കയ്യേറാൻ ശ്രമിച്ചത്. നടപടികൾ വിവാദമായതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തി വില്ലേജ് അധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടന്ന് പാറശാല നിന്നു വില്ലേജ് ഓഫീസറും ജീവനക്കാരും പാറശാല പൊലീസും സ്ഥലത്തെത്തി ചർച്ചകൾ നടത്തിയെങ്കിലും തമിഴ്‌നാട് അധികൃതർ പിന്മാറാൻ തയ്യാറായില്ല.തുടർന്ന് വൈകുന്നേരം വീട്ടുടമയായ തങ്കമണിയുടെ മകൻ രാജ്കുമാർ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തിയതിനെ തുടന്ന് തമിഴ്‌നാട് അധികൃതർ പിന്മാറുകയായിരുന്നു.