
പാറശാല: വനമേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കൃഷി ചെയ്യുക, വളർത്തുമൃഗങ്ങളെ മേയ്ക്കുക, പുല്ല് ശേഖരിക്കുക,വിറകും കാട്ടുതേനും മറ്റ് വന ഉത്പന്നങ്ങളും ശേഖരിക്കുക, പുഴയിൽ മത്സ്യബന്ധനം നടത്തുക എന്നിവ തുടരുന്ന വനവാസികളെ അറസ്റ്റ് ചെയ്യുകയും പിഴയായി ഭീമമായ തുക ചുമത്തുകയും ചെയ്യുന്ന വനനിയമ ഭേദഗതി ബിൽ സർക്കാർ എത്രയും പെട്ടന്ന് പിൻവലിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആർ.പ്രാണകുമാർ പറഞ്ഞു. വന നിയമ ഭേദഗതി ബില്ലിന്റെ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്കൽ കൃഷിഭവന്റെ മുൻപിലെ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വന നിയമ ഭേദഗതി ബിൽ വിജ്ഞാപന കോപ്പി കത്തിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പൊരന്നൂർ ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ആർ.ഒ അരുൺ, അഡ്വ.രഞ്ജിത് റാവു, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ കുളത്തൂർ രാധാകൃഷ്ണൻ, എ.ക്ലമന്റ്, വൈ.യോവാസ്, മര്യാപുരം വിപിൻരാജ്, ചെങ്കൽ ദിലിപ്, സോമരാജ്, സച്ചിൻ മര്യാപുരം, പൊൻവിള വിജിൻ, ആന്റണികിരൺ, കടകുളം വിനു തുടങ്ങിയവർ സംസാരിച്ചു.