തിരുവനന്തപുരം: സംസ്ഥാന സർക്കാരോ സർക്കാർ ഏജൻസികളോ കൈവശപ്പെടുത്തിയിട്ടുള്ള വഖഫ് ഭൂമികളുടെ കണക്ക് ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കത്ത്. വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത സമിതിക്ക് നൽകാൻ വേണ്ടിയാണിത്.

സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വഖഫ് ഭൂമിയിൽ പലതും സർക്കാർ സ്ഥാപനങ്ങളോ സർക്കാർ ഏജൻസികളോ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് സച്ചാർ കമ്മിറ്റി കണ്ടെത്തിയിരുന്നു. തർക്ക ഭൂമി, ഏകപക്ഷീയമായി വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചിട്ടുള്ള ഭൂമി എന്നിവയുടെ പൂർണ വിവരം കൈമാറണം.

വഖഫ് ബോർഡുമായി തർക്കമുള്ള ഭൂമി എങ്ങനെ സർക്കാർ കൈവശമെത്തി, തർക്കം ഉടലെടുക്കാൻ കാരണമെന്ത് തുടങ്ങിയ വിവരങ്ങൾ അറിയിക്കണം. 1995 ലെ വഖഫ് ആക്ടിലെ 40-ാം വകുപ്പ് പ്രകാരം എത്ര വസ്തുക്കൾ വഖഫ് ആയി തരംതിരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണം. തരംതിരിച്ചിട്ടുള്ളവയിൽ കേസിൽപ്പെട്ടത് എത്രയെന്നും വിശദമാക്കണം.