uni

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് വീണ്ടും ഒന്നാം റാങ്ക്. അക്കാഡമിക് മികവിന്റെ അടിസ്ഥാനത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രഥമ കെ.ഐ.ആർ.എഫ് റാങ്കിംഗിൽ (കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്) ഒന്നാം സ്ഥാനത്താണ് യൂണിവേഴ്സിറ്റി കോളേജ്. കോളേജുകളുടെ കേന്ദ്ര റാങ്കിംഗിലും (എൻ.ഐ.ആർ.എഫ്) യൂണിവേഴ്സിറ്റി കോളേജ് മുന്നിലുണ്ട്.പഠനം,പഠനസൗകര്യം,ഗവേഷണം,അദ്ധ്യാപകരുടെ മികവ്,വിജയശതമാനം,വിദ്യാർത്ഥികളുടെ നേട്ടങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് റാങ്ക്.

വമ്പൻ കോളേജുകളുമായി മത്സരിച്ചാണ് യൂണിവേഴ്സിറ്റി കോളേജിന്റെ അഭിമാന നേട്ടം. ബിരുദ,പി.ജി കോഴ്സുകളിൽ പ്രതിവർഷം അമ്പതോളം റാങ്കുകളാണ് കോളേജിലെ കുട്ടികൾ നേടുന്നത്. 18ബിരുദ കോഴ്സുകൾ, 21ബിരുദാനന്തര ബിരുദ കോഴ്സുകൾ എന്നിവയ്ക്കു പുറമെ 18വിഭാഗങ്ങളിൽ ഗവേഷണവും കോളേജിലുണ്ട്. 1866ൽ സ്ഥാപിച്ച യൂണിവേഴ്സി​റ്റി കോളേജാണ് കേരളത്തിലെ ആദ്യത്തെ കോളേജ്. 3800 വിദ്യാർത്ഥികളാണുള്ളത്. 220അദ്ധ്യാപകരിൽ 90ലേറെ പേർ റിസർച്ച് ഗൈഡുകളാണ്. അഞ്ച് വർഷത്തിനിടെ കോളേജിൽ നിന്ന് പുറത്തുവന്നത് 680ലേറെ ഗവേഷണ പ്രബന്ധങ്ങളാണ്. വിവിധ മേഖലകളിലെ 25ക്ലബുകൾ കോളേജിൽ പ്രവർത്തിക്കുന്നുണ്ട്.ഡോ.മനോമോഹൻ ആന്റണി കൺവീനറും ഡോ.ഷൈൻലാൽ,ഡോ.രാജേഷ് എന്നിവർ അംഗങ്ങളുമായ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലാണ് റാങ്കിംഗ് നേടിയെടുക്കാൻ രേഖകൾ സമർപ്പിച്ച് പ്രവർത്തനങ്ങൾ നടത്തിയത്.

ദേശീയ തലത്തിൽ ആദ്യ പത്തിലെത്താനാണ് ഇനിയുള്ള ശ്രമം.ഇക്കൊല്ലം നാക് അക്രഡിറ്റേഷൻ

നേടാൻ ഈ ഒന്നാംറാങ്ക് പ്രചോദനമാണ്.

ഡോ.സന്തോഷ് കുമാർ,പ്രിൻസിപ്പൽ

സി.ഇ.ടിക്കും ഒന്നാംറാങ്ക്

എൻജിനിയറിംഗ് കോളേജുകളുടെ റാങ്കിംഗിൽ കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം

(സി.ഇ.ടി) ഒന്നാമതെത്തി. 72കോളേജുകളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.