തിരുവനന്തപുരം: കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലുൾപ്പെട്ട മുഴുവൻ പ്രതികളെയും വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ കോയമ്പത്തൂർ മാടപ്പട്ടിയിൽ നിന്ന് മൂന്നാം പ്രതി പി.പ്രേം നസീറിനെ (47) പിടികൂടിയതോടെയാണ് മുഴുവൻ പ്രതികളും അറസ്റ്റിലായത്. കേസിലെ ഒന്നും രണ്ടും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സ്റ്റാച്യുവിൽ താമസിക്കുന്ന പരാതിക്കാരന് ഒരു കോടി രൂപ ലോൺ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2019ൽ ഒൻപത് ലക്ഷം രൂപ വാങ്ങി മുങ്ങിയ പ്രതികളെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്.സംഘത്തിനെതിരെ കരമന,മ്യൂസിയം,ആലപ്പുഴ,മലപ്പുറം,പാല എന്നീ സ്ഥലങ്ങളിൽ സമാന കേസുകളുണ്ട്.
കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ സമാന്തരമായ കേസുകളോടൊപ്പം വധശ്രമം ഉൾപ്പെടെയുള്ള മറ്റുകേസുകളുമുണ്ട്.

ഫോണിൽ കുറഞ്ഞ പലിശനിരക്കിൽ ലോൺ എന്ന സന്ദേശം നൽകിയാണ് പലരെയും വീഴ്ത്തിയത്.ലോൺ ആവശ്യപ്പെട്ട് വിളിക്കുന്നവരോട് വൻ തുകയുടെ മുദ്രപത്രം വാങ്ങാൻ ആവശ്യപ്പെടും. പത്രം കിട്ടാനില്ലെന്ന് പറയുമ്പോൾ തമിഴ്നാട്ടിലുണ്ടെന്നും വെണ്ടറുടെ അക്കൗണ്ടിൽ പണം നൽകിയാൽ പത്രം കിട്ടുമെന്നും അറിയിക്കും. വ്യാജപേരിലുള്ള അക്കൗണ്ടിൽ പണം അയച്ചവരാണ് കബളിപ്പിക്കപ്പെട്ടത്.
ശംഖുംമുഖം എ.സി.പി അനുരൂപിന്റെ നിർദ്ദേശത്തിൽ വഞ്ചിയൂർ സി.ഐ ഷാനിഫ്,എസ്.ഐ അലക്സ്,സി.പി.ഒ സജീവ്, സുബിൻ പ്രസാദ് എന്നിവർ ചേർന്നാണ് പ്രതികളെ രണ്ടാഴ്ചയ്ക്കകം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പിടികൂടിയത്.