തിരുവനന്തപുരം: കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പ്രചോദനമാകുമെന്ന് അവാർഡ് ജേതാവും ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ സംവിധായികയുമായ പായൽ കപാഡിയ. ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്‌കാരം പായൽ ഏറ്റുവാങ്ങി. ഈ അംഗീകാരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. എന്റെ സിനിമയിലെ അഭിനേത്രിമാർ നിരവധി പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞു എന്നതിലും അഭിമാനമുണ്ടെന്ന് പായൽ പറഞ്ഞു. ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യപ്രഭയും സദസിലുണ്ടായിരുന്നു.