തിരുവനന്തപുരം: 29ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണചകോരം ബ്രസീലിൽ നിന്നുള്ള 'മാലു' നേടി. അതേസമയം, ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാള ചിത്രം 'ഫെമിനിച്ചി ഫാത്തിമ' വിവിധ വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി മേളയുടെ തരംഗമായി.
20 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന സുവർണചകോരം പുരസ്‌കാരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ പെഡ്രോ ഫ്രെയറി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി.
മികച്ച ഇന്ത്യൻ മത്സര ചിത്രത്തിനുള്ള ഫിപ്രസി അവാർഡ്, മികച്ച നവാഗത മലയാളി സംവിധായകനുള്ള നെറ്റ്പാക്ക് അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള ജൂറി അവാർഡ്, കെ.ആർ. മോഹനൻ അവാർഡിൽ (നവാഗത സംവിധാന പ്രതിഭ) പ്രത്യേക പരാമർശം, പ്രേക്ഷകർ തിരഞ്ഞെടുത്ത ചിത്രം എന്നിവയാണ് 'ഫെമിനിച്ചി ഫാത്തിമ' നേടിയത്.
മികച്ച സംവിധായകനുള്ള രജതചകോരത്തിന് മീ മറിയം ദ ചിൽഡ്രൻ ആൻഡ് ദി 26 അദേഴ്സ് എന്ന സിനിമയുടെ സംവിധായകൻ ഫർഷാദ് ഹാഷ്മി അർഹനായി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരത്തിന് ചിലിയൻ ചിത്രമായ ഹൈപ്പർ ബോറിയൻസിന്റെ സംവിധായകരായ ക്രിസ്റ്റബൽ ലിയോൻ, ജാക്വിൻ കൊസീന എന്നിവർ അർഹരായി. ചിത്രത്തിന്റെ കലാസംവിധായിക നതാലിയ ഗെയ്സ് മുഖ്യമന്ത്രിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സ്വീകരിച്ചു.
ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ കെ.ആർ.മോഹനൻ അവാർഡ് മലയാള ചിത്രമായ 'അപ്പുറ'ത്തിന്റെ സംവിധായിക ഇന്ദുലക്ഷ്മിക്കാണ്. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ സംവിധായിക പായൽ കപാഡിയയെ സ്പിരിറ്റ് ഒഫ് സിനിമ പുരസ്‌കാരം നൽകി ആദരിച്ചു. കൺട്രി ഫോക്കസ് വിഭാഗത്തിൽ അർമേനിയൻ സംവിധായകരായ സെർജിയെയും നോറ അർമാനിയെയും ആദരിച്ചു.
മറ്റ് പുരസ്‌കാരങ്ങൾ: സാങ്കേതിക മികവിനുള്ള പ്രത്യേക പുരസ്‌കാരം ഹലാ എൽക്കോസി (ഈസ്റ്റ് ഒഫ് നൂൺ നെതർലാൻസ്). മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് 'മീ,മറിയം, ദി ചിൽഡ്രൻ ആൻഡ് 26 അദേഴ്സ് (ഇറാൻ). മികച്ച മലയാളം സിനിമയ്ക്കുളള നെറ്റ്പാക്ക് പ്രത്യേക പരാമർശം മിഥുൻ മുരളി (കിസ് വാഗൺ). മികച്ച നവാഗത മലയാളി സംവിധായികയ്ക്കുള്ള ഫിപ്രസി അവാർഡ് ശിവരഞ്ജിനി (വിക്‌ടോറിയ). അനഘാ രവി (അപ്പുറം), ചിന്മയ് സിദ്ദി (റിഥം ഒഫ് ദമാം) എന്നീ ബാലതാരങ്ങൾ പ്രത്യേക ജൂറി പരമർശം നേടി.