തിരുവനന്തപുരം: തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പൊലീസ് സംഘവും മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും ആർ.സി.സിയിലെത്തി. മുന്നറിയിപ്പില്ലാതെയായിരുന്നു സന്ദർശനം.

ഇവിടുത്തെ മലിനീകരണ നിർമ്മാർജ്ജന സംവിധാനം,മാലിന്യം നീക്കുന്നതിന് നൽകിയിരിക്കുന്ന കരാറുകൾ എന്നിവ ആർ.സി.സി അധികൃതർ അന്വേഷണ സംഘത്തോട് വിശദീകരിച്ചു.തിരുനെൽവേലിയിൽ കൊണ്ടുതള്ളിയ മാലിന്യത്തിൽ നിന്നുള്ള മെഡിക്കൽ രേഖകൾ ഉൾപ്പെടെയായിട്ടായിരുന്നു സംഘമെത്തിയത്.

കേരളത്തിൽ നിന്നുള്ള സംഘവും തിരുനെൽവേലിയിലെത്തിയതായി സൂചനയുണ്ട്.ആർ.സി.സിയിൽ നിന്ന് മാലിന്യം നീക്കാൻ കരാറെടുത്ത കമ്പനി, ഉപകരാർ നൽകിയെന്നും അങ്ങനെ ഉപകരാർ ലഭിച്ച കമ്പനിയാണ് മാലിന്യം തിരുനെൽവേലിയിൽ കൊണ്ടുതള്ളിയെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ മൂന്ന് ദിവസത്തിനുള്ളിൽ നീക്കണമെന്ന് കേരളത്തോട് കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.മാലിന്യം തള്ളിയതിന്റെ ഉത്തരവാദിത്വം കേരളത്തിനാണെന്നും ഇതു പലതവണയായി തുടരുകയാണെന്നുമാണ് ട്രൈബ്യൂണലിന്റെ ദക്ഷിണ മേഖല ബെഞ്ച് കുറ്റപ്പെടുത്തിയത്. മാലിന്യം നീക്കാനുള്ള ചെലവ് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡ് വഹിക്കണമെന്നും തിരുവനന്തപുരം ആർ.സി.സിക്കെതിരെയും കോവളത്തെ സ്വകാര്യ ഹോട്ടലിനെതിരെയും നടപടിയെടുക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.

ഉത്തരവിന് പിന്നാലെ ആശുപത്രി മാലിന്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ മായാണ്ടി, മനോഹരൻ എന്നിവരെ സുത്തമല്ലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവർ ലക്ഷങ്ങൾ കമ്മിഷൻ വാങ്ങി കേരളത്തിൽനിന്ന് മെഡിക്കൽ മാലിന്യങ്ങൾ ശേഖരിച്ച് ഇവിടെ തള്ളിയതാണെന്നാണ് പൊലീസ് പറയുന്നത്. തിരുനെൽവേലിയിലെ നടുക്കല്ലൂർ, കൊടകനല്ലൂർ, പലാവൂർ ഭാഗങ്ങളിലാണ് ട്രക്കുകളിൽ എത്തിച്ച മാലിന്യം തള്ളിയത്. മാലിന്യം തള്ളുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്നാട്ടിൽ നടക്കുന്നത്.അണ്ണാ ഡി.എം.കെയും ബി.ജെ.പിയും സർക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട്.