ravi

പ്രമേഹരോഗികൾ കൂടുതലുള്ള രാജ്യമായതിനാൽ ഇവിടെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നതും പ്രമേഹ മരുന്നുകളാണ്. ഗുളികകളും ഇൻസുലിനുകളുമാണ് പ്രമേഹത്തിന് സാധാരണയായി ഉപയോഗിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യകാര്യത്തിൽ കേരളീയർ കൂടുതൽ ശ്രദ്ധാലുക്കളാണ്. അതുകൊണ്ടുതന്നെ നേരത്തെ പ്രമേഹം കണ്ടെത്തുകയും മരുന്ന് കഴിക്കുകയും ചെയ്യും. എന്നാൽ പല സംസ്ഥാനങ്ങളിലും ഇതല്ല അവസ്ഥ. അപകടം വരെ കാത്തിരിക്കും.

രോഗനിർണയത്തിലും ചികിത്സയിലും മുന്നിൽ നിൽക്കുന്നതിനാൽ മരുന്നുകളുടെ പ്രധാന കമ്പോളവും കേരളമാണ്. പ്രമേഹത്തിന് ഇത്രയധികം ഫലപ്രദമായ മരുന്നുകളുള്ളത് വലിയ ആശ്വാസമാണ്. 1950കളിൽ മെറ്റ്‌ഫോർമിനാണ് പ്രമേഹത്തിനുള്ള ഗുളികയായി ആദ്യം വരുന്നത്. അതിനുമുമ്പേ ഇൻസുലിനുണ്ട്. മെറ്റ്‌ഫോർമിൻ വലിയ രീതിയിൽ ചികിത്സയ്ക്ക് ഉപകരിച്ചു. പിന്നാലെ വിവിധ കമ്പനികൾ ഗുളികകളുമായി രംഗത്തെത്തി. ഇൻസുലിനും മാറ്റങ്ങളുടെ പാതയിലൂടെ സഞ്ചരിച്ചു. ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിന് ശേഷി നഷ്ടപ്പെടുമ്പോൾ അതിനെ ഉത്തേജിപ്പിക്കാനാണ് മരുന്നുകൾ ഉപയോഗിക്കുന്നത്. ഗുളികകളാണ് ആദ്യഘട്ടത്തിൽ നൽകുക. അത് മതിയാകാത്തവർക്കാണ് ഇൻസുലിൻ ആവശ്യമാകുന്നത്.

മരുന്ന് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ

ശരീരത്തിൽ ഇൻസുലിൻ കൂടി നിൽക്കുമ്പോൾ കുറയ്ക്കാനാണ് മരുന്നുകൾ ഉപയോഗിക്കുന്നത്. അതിനാൽ മരുന്ന് ഉപയോഗിച്ച് കഴിയുമ്പോൾ ചിലപ്പോൾ ഇൻസുലിന്റെ അളവ് തീരെ താഴ്ന്നുപോയേക്കാം. അത് അപകടകരമാണ്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. മിഠായി പോലുള്ളവ എപ്പോഴും കൈയിൽ കരുതുന്നത് നല്ലതാണ്. ഭക്ഷണവും മരുന്നും ഒരേസമയം കഴിക്കുന്നതാണ് ഉത്തമം. ഭക്ഷണം കഴിക്കാതെ മരുന്ന് മാത്രം കൃത്യമായി കഴിക്കുന്നവർക്ക് വലിയ അപകടമുണ്ടാകും. മാത്രമല്ല ഇൻസുലിൻ മരുന്നുകൾ കൃത്യമായി ഫ്രിഡ്ജിൽ സൂക്ഷിക്കണം. അല്ലാത്ത സാഹചര്യത്തിൽ മരുന്നും അപകടകരമാകും.

(തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ ഫാർമസി വിഭാഗം മുൻ മേധാവിയാണ് ലേഖകൻ)