dr-jeemon

ജീവിത ശൈലിയുടെ ഭാഗമായി കൃത്യനിഷ്ഠയോടെയുള്ള ശാരീരിക വ്യായാമം ആത്മത്യാഗമായും വളരെ ശ്രമകരമായ പ്രവൃത്തിയായും ഇന്ന് ചിത്രീകരിക്കുന്നു. ഇത്തരം ആത്മത്യാഗങ്ങൾ ജീവിതം ആസ്വദിക്കുന്നതിന് തടസമാണെന്ന മിഥ്യാബോധവും വളരുന്നുണ്ട്. ജീവിതശൈലി മാറ്റമെന്നാൻ എല്ലാം ഉപേക്ഷിക്കുകയല്ല, മിതമായ മാറ്റങ്ങളിലൂടെ ശരിയായ ആരോഗ്യം പരിരക്ഷിക്കുകയാണെന്ന് തിരിച്ചറിയണം.

കഠിനമായ അദ്ധ്വാനം മാത്രമാണ് വ്യായാമമെന്ന് ധരിക്കുന്നവരുണ്ട്. എന്നാൽ മിതമായ വ്യായാമം ശരിയായ രീതിയിൽ ചെയ്യുന്നതിലൂടെ പ്രമേഹത്തെ തടയാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന് മിതമായ വേഗത്തിൽ പത്തു മിനിറ്റ് നടക്കുന്നത് 1,250 ചുവടുകൾവയ്ക്കുന്നതിന് തുല്യമാണ്. ഇതുവഴി ഏകദേശം 40 മുതൽ 50വരെ കിലോ കാലറി ഊ‌ർജ്ജം ചെലവഴിക്കപ്പെടും. ഇങ്ങനെ ഒരു ദിവസം പലപ്രാവശ്യം ചെയ്താൽ ചുരുങ്ങിയത് 8,000 ചുവടുകൾ എടുക്കുന്നത് പ്രമേഹ സാദ്ധ്യത 20ശതമാനത്തിന് മുകളിൽ കുറയ്ക്കാൻ സഹായിക്കും. വ്യായാമം മണിക്കൂറുകൾ ചെയ്തെങ്കിലെ ഫലമുള്ളൂ എന്നു വിശസിക്കുന്നവരുണ്ട്. തുടർച്ചയായ വ്യായാമത്തേക്കാൾ ഒരുദിവസം പലവട്ടം ചെയ്യുന്ന മിതമായ വ്യായാമം പ്രമേഹസാദ്ധ്യത കുറയ്ക്കാൻ ഫലപ്രദമാണ്. ഏകദേശം അഞ്ചോ ആറോ തവണകളായി 10 മിനിറ്റോളം മിതമായി നടക്കുന്നത് പ്രമേഹപ്രതിരോധത്തിന് ഉത്തമമാണ്.

ബ്രിട്ടണിലെ യു.കെ ബയോബാങ്കിന്റെ പഠനമനുസരിച്ച് ഏകദേശം 20 മിനിറ്റ് വേഗതയുള്ള നടത്തത്തിലൂടെ തുല്യമായ ശാരീരിക പ്രവർത്തനങ്ങളും വ്യായാമവും പ്രമേഹസാദ്ധ്യതയും 20ശതമാനം കുറയ്ക്കാനാകും. പുരുഷന്മാരിലും സ്ത്രീകളിലും പ്രായമുള്ളവരിലും ചെറുപ്പക്കാരിലും ഇത് ഒരുപോലെയാണ്. പ്രമേഹപ്രതിരോധത്തിന് ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണ് ചെറുതായെങ്കിലും വ്യായാമം ചെയ്യുന്നത്. ഇവ ചെറുപ്പം മുതൽ ശീലിക്കുന്നത് നല്ലതാണ്. വ്യായാമം ഒരാളുടെ ജീവിതചര്യയുടെ ഭാഗമാകുന്നത് ജീവിതകാലം മുഴുവൻ പ്രാധാന്യമർഹിക്കുന്നു.

ഇരിക്കുന്നത് കുറയ്ക്കാം,

150മിനിട്ട് മാറ്റിവയ്ക്കാം

വ്യായാമം ചെയ്യുന്നവർ പോലും ഇരുന്നു ചെലവഴിക്കുന്ന സമയത്തെ ഗൗരവകരമായി കാണാറില്ല. വ്യായാമത്തിന് ചെലവഴിക്കുന്ന സമയത്തെക്കാളുപരി ഇരിക്കുന്ന സമയം കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ ഹോർമോണിന്റെയും അളവ് ക്രമീകരിക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇരിക്കുന്ന സമയത്തെ പുകയിലയുടെ ഉപയോഗവുമായി താരതമ്യപ്പെടുത്തിയാൽ ഒരു മണിക്കൂർ തുടർച്ചയായി ഇരിക്കുന്നത് ഒരു സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ്. പ്രമേഹത്തിന് മാത്രമല്ല ഹൃദ്രോഹം തടയുന്നതിനും ആഴ്ചയിൽ 150മിനിട്ട് മിതമായ വ്യായാമം ഗുണകരമാണെന്ന് ആരോഗ്യപഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

(ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി അഡിഷണൽ പ്രൊഫസറാണ് ലേഖകൻ)