diabetes

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയിൽ 212 ദശലക്ഷം മുതിർന്നവർ പ്രമേഹരോഗികളാണെന്നാണ് കണക്ക്. നാലിൽ ഒരാൾ പ്രമേഹരോഗിയാണെന്ന് ഉറപ്പ്. ലോകത്താകെ 828 ദശലക്ഷം മുതിർന്നവർ പ്രമേഹരോഗികളാണ്. മെഡിക്കൽ സയൻസ് രംഗത്തെ സുപ്രധാനമായ ലാൻസെറ്റ് ജേർണലിൽ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ലോക ജനസംഖ്യയുടെ 18ശതമാനം മാത്രമുള്ള ഇന്ത്യയിൽ ലോകത്തെ പ്രമേഹ രോഗികളിൽ 25ശതമാനം പേർ ജീവിക്കുന്നു. പ്രമേഹത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

രാജ്യത്ത് ഗോവയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ളത്. കേരളത്തിലെ രോഗനിർണയ സംവിധാനങ്ങളുടെ നേട്ടമാണ് മുൻകൂട്ടി രോഗികളെ കണ്ടെത്തുന്നത്. എന്നാൽ രോഗികളുടെ എണ്ണം പെരുകുന്നത് ആരോഗ്യസംവിധാനങ്ങൾക്ക് ആശങ്കയാണ്.

ഗർഭകാല പ്രമേഹം

സംസ്ഥാനത്ത് ഗർഭിണികളിൽ 53 ശതമാനത്തിലധികവും പ്രമേഹത്തിന്റെ പിടിയിലാണെന്ന ആശങ്കയും വർദ്ധിച്ചിട്ടുണ്ട്. ഇത് വളർന്നുവരുന്ന തലമുറയെയും അപകടത്തിലാക്കും. ഐ.സി.എം.ആറിന്റെ സഹകരണത്തോടെ ഗർഭിണികളിൽ പുരോഗമിക്കുന്ന സർവേയിലെ കണ്ടെത്തലാണിത്. ജീവിതശൈലിയാണ് ഇതിനെല്ലാം പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പാരമ്പര്യമായി പ്രമേഹമുണ്ടെങ്കിലും ജീവിത ശൈലിയിലൂടെ അത് മാറ്റിയെടുക്കാം. എന്നാൽ പുതിയ തലമുറയിൽ അതിനുള്ള ശ്രമം ഉണ്ടാകുന്നില്ല. ഗർഭം അലസൽ, അകാല പ്രസവം, രക്തസമ്മർദ്ദം, മൂത്രാശയ രോഗങ്ങൾ എന്നിവ മാതാവിനുണ്ടാവും. ഹൃദയം, തലച്ചോർ, അംഗവൈകല്യങ്ങൾ എന്നിവ കുഞ്ഞുങ്ങൾക്ക് ഉണ്ടാകാം. 70ശതമാനം ഗർഭകാല പ്രമേഹബാധിതരിലും ഭക്ഷണക്രമീകരണത്തിലൂടെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാം. ഗർഭകാലം മുതലുള്ള ആദ്യത്തെ 1000 ദിവസം പഞ്ചസാരയുടെ ഉപയോഗം കുറച്ചാൽ 35ശതമാനം കുട്ടികൾക്ക് പ്രമേഹം കുറയ്ക്കാനാകുമെന്നാണ് പുതിയ പഠനങ്ങൾ.

നടപടിയുമായി ആരോഗ്യവകുപ്പ്

ഗുരുതരമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പ്രമേഹപ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് ഒരു വർഷം നീണ്ടുനിൽക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.

ജനുവരിയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമായി അന്താരാഷ്ട്ര സെമിനാർ നടത്തും. സെമിനാറിനു ശേഷം തയ്യാറാക്കുന്ന പ്രമേഹരോഗ ചികിത്സയുടെ റോഡ്മാപ്പിന് അനുസരിച്ച് തുടർപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.