hi

കല്ലറ: മരുതമൺ തോട് ജീവനറ്റ നിലയിൽ. ഒരുപ്രദേശത്തെയാകെ നെൽകർഷകരുടെ ജീവിതമാണ് ഇതോടെ ബുദ്ധിമുട്ടിലാകുന്നത്. നിറയെ പുല്ലും പായലും മാലിന്യവും നിറഞ്ഞതിനാൽ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.

കല്ലറ,പുളിമാത്ത്, കുമ്മിൾ പഞ്ചായത്ത് ഉൾപ്പെടെയുള്ള പാടശേഖരങ്ങളിലേക്ക് കൃഷിക്കാവശ്യമായ ജലമെത്തിച്ചിരുന്നത് ഈ തോട്ടിൽ നിന്നാണ്. തോട്ടിലെ നീരൊഴുക്കു നിലച്ചത് നെൽകൃഷിയെ പ്രതിസന്ധിയിലാക്കി. വിളവ് നന്നേ കുറഞ്ഞു,ആറ് കിലോമീ​റ്ററോളം വരുന്ന തോടിന്റെ ഭാഗം കാടുമൂടിയ അവസ്ഥയിലാണ്. പുഴയിൽ നിന്ന് പാടശേഖരങ്ങളിലേക്ക് വെള്ളമൊഴുകിയെത്തുന്ന കൈവഴികളിലും പുല്ലുകയറി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവകൊണ്ട് നിറഞ്ഞിട്ടുണ്ട്.

മാലിന്യവാഹിയായി

പല സ്ഥലങ്ങളിലെയും ഓടകളിലെ മാലിന്യം ഒഴുക്കിവിടുന്നതും ഈ തോട്ടിലേക്കാണ്. രാത്രി കാലങ്ങളിലും മഴക്കാലങ്ങളിലും വീടുകളിലെയും സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യം തള്ളുന്നതും ഈ തോട്ടിലേക്കാണ്.

ഒരുകാലത്ത് കന്നുകാലിയെ കുളിപ്പിക്കാനും തുണി കഴുകാനുമൊക്ക ഉപയോഗിച്ചിരുന്ന തോട് ഇന്ന് മാലിന്യവാഹിനിയാണ്.

മരുതമൺ തോട്:

വാഴത്തോപ്പ് പച്ച 'അപ്പൂപ്പൻ പാറയിൽ നിന്നും മരുതമൺ കശുഅണ്ടി ഫാക്ടറിക്കു സമീപത്തുകൂടി ഒഴുകി മുണ്ടോണിക്കര മണക്കോട് തോടുമായി സന്ധിച്ച് കുമ്മിൾ,പാങ്ങോട്,കല്ലറ,പുളിമാത്ത് പഞ്ചായത്തിലൂടെ ഒഴുകി വാമനപുരം ആറിന്റെ കൈവഴിയായ ചാറ്റാറിൽ സംഗമിക്കുന്നു.

പുഴയൊഴുകും പദ്ധതി പോലുള്ള നിരവധി പദ്ധതികൾ ത്രിതല പഞ്ചായത്ത് തലത്തിലുണ്ടെങ്കിലും ഇതെല്ലാം വാഗ്ദാനങ്ങളായി ഒതുങ്ങുകയാണ്.