
പ്രമേഹ രോഗികളുടെ പ്രധാന ആശങ്ക ഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ഏതെന്നറിയാതെ പലരും സമ്മർദ്ദത്തിലാകുന്നു. വിദഗ്ദ്ധരുടെ സഹായത്തോടെ ശരിയായ ഭക്ഷണരീതി നിഷ്‌കർഷിച്ചാൽ മരുന്നുകളെക്കാൾ പ്രയോജനം ചെയ്യും. മധുരം കഴിക്കരുതെന്ന് കടുംപിടുത്തം ഇപ്പോൾ പറയാറില്ല. കാരണം കഴിക്കാൻ പാടില്ലാത്തത് കഴിക്കാൻ പ്രമേഹരോഗിക്ക് തോന്നിയെന്നിരിക്കും. അതിനാൽ എന്തു വേണമെങ്കിലും കഴിക്കാം. പക്ഷേ അന്നജത്തിന്റെയും കൊഴുപ്പിന്റെയും അളവ് കുറഞ്ഞിരിക്കണം.
ഒരു ദിവസം എത്രമാത്രം കഴിക്കാമെന്ന് രോഗിതന്നെ തിരിച്ചറിഞ്ഞ് സ്വയം ക്രമീകരിക്കുകയാണ് വേണ്ടത്. ഭക്ഷണത്തിൽ ഏകദേശം 50 മുതൽ 60 ശതമാനം വരെ ഊർജ്ജം ഉത്പാദിപ്പിക്കുന്നത് അന്നജത്തിൽ നിന്നാണ്. മലയാളികളിൽ ചോറും അരി കൊണ്ടുള്ള മറ്റ് ഭക്ഷണ പദാർത്ഥങ്ങളുമാണ് അന്നജത്തിന്റെ പ്രധാന ഉറവിടം.
പ്രമേഹബാധിതർ എന്ത് കഴിക്കുമ്പോഴും ഗ്ലൈസമിക് ഇൻഡക്‌സിനെക്കുറിച്ച് ഏകദേശ ധാരണയുള്ളത് നല്ലതാണ്. ഉയർന്ന ഗ്ലൈസമിക് ഇൻഡക്‌സുള്ളവ പെട്ടെന്ന് ദഹിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തും. ഗ്ലൈസമിക് ഇൻഡക്‌സ് കുറഞ്ഞ തവിടുള്ള മട്ട അരി, വേകാൻ കൂടുതൽ സമയമെടുക്കുന്ന ഇരട്ട പുഴുക്കലരി തുടങ്ങിയവ പച്ചരിയേക്കാൾ നല്ലതാണ്. ചോറിന്റെ അളവിൽ മിതത്വം പാലിക്കണം. ഡയബറ്റിക് പ്ലേറ്റ് സമ്പ്രദായം ഇതിന് വളരെ സഹായകരമാണ്. ഓരോ നേരവും ആകെ കഴിക്കുന്ന ഭക്ഷണത്തിന്റെ കാൽഭാഗം ചോറോ ചപ്പാത്തിയോ ആകാം. പ്രോട്ടീൻ കൂടുതലുള്ള മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം, പയർ, പരിപ്പ് തുടങ്ങിയ സാധനങ്ങളും ഉൾപ്പെടുത്തണം. അന്നജം കുറഞ്ഞ പച്ചക്കറികൾ കൊണ്ടുള്ള കറികളും മധുരം കുറഞ്ഞ പഴങ്ങളും കൊഴുപ്പു കുറഞ്ഞ തൈരും ഉൾപ്പെടുന്നതാണ് ഡയബറ്റിക് പ്ലേറ്റ്.
ഉരുളക്കിഴങ്ങ്, കാച്ചിൽ, ചേമ്പ്, മരിച്ചിനി തുടങ്ങിയവയിൽ ധാരാളം അന്നജമുണ്ട്. അതിനാൽ ഇവ ഉപയോഗിക്കുകയാണെങ്കിൽ അന്നജത്തിന്റെ പ്രധാന സ്രോതസായ ധാന്യങ്ങൾ അതനുസരിച്ച് നിജപ്പെടുത്തണം. ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം. ഒരാൾക്ക് പ്രതിമാസം അരക്കിലോയിൽ താഴെ എണ്ണയും അഞ്ചു തേങ്ങയും എന്നിങ്ങനെ നിയന്ത്രിക്കണം. ചെറു വെള്ളരി, ക്യാരറ്റ്, ക്യാബേജ്, സവാള, ടൊമാറ്റോ എന്നിവ സാലഡ് രൂപത്തിൽ കഴിക്കാം.
ബിസ്‌ക്കറ്റ് എത്ര വേണമെങ്കിലും കഴിക്കാമെന്ന ധാരണ ശരിയല്ല
അച്ചാർ, പപ്പടം എന്നിവ ഒഴിവാക്കണം
ഒരു നേരത്തെയും ഭക്ഷണം ഒഴിവാക്കരുത്
ഭക്ഷണത്തിൽ സമയനിഷ്ഠ പാലിക്കണം
മധുരമുള്ളതും എണ്ണയിൽ വറുത്തതും ഒഴിവാക്കണം
മുളപ്പിച്ച പയർ, കടല, അവൽ എന്നിവ കുറഞ്ഞ അളവിൽ കഴിക്കാം
ഏത് എണ്ണ ആയാലും പരിമിതമായ അളവിൽ മാത്രം ഉപയോഗിക്കുക
(സംസ്ഥാന ആരോഗ്യവകുപ്പ് ന്യൂട്രീഷ്യൻ പ്രോഗ്രാം മുൻ ഓഫീസറാണ് ലേഖകൻ)