
ഐ.സി.എം.ആർ പഠനമനുസരിച്ച് കേരളത്തിൽ 18വയസിനു മുകളിലുള്ള 24.5ശതമാനം പേർക്ക് പ്രമേഹമുണ്ട്. 20 ശതമാനം പേർക്ക് പ്രമേഹത്തിന്റെ പ്രാരംഭ ഘട്ടമായ പ്രീ ഡയബറ്റീസുണ്ട്. മറ്റു ജീവിത ശൈലി രോഗങ്ങളും കൂടുതലാണ്. 48 ശതമാനം പേർക്ക് ഉയർന്ന രക്തസമ്മർദ്ദവും അത്രത്തന്നെ വ്യക്തികൾക്ക് പൊണ്ണത്തടിയുമുണ്ട്. കേരളത്തിൽ ആളുകളിൽ വയറുഭാഗം മുഴച്ചുവരുന്നത് (അബ്‌ഡോമിനൽ ഒബിസിറ്റി) കൂടുന്നു. ഇതിനാൽ ഹൃദ്രോഗത്തിന് സാദ്ധ്യതയേറുന്നു. ഇത്തരക്കാർക്ക് നോൺ ആൽക്കഹോളിക്ക് ലിവർ ഡിസീസ് സാദ്ധ്യതയുമുണ്ട്. കേരളത്തിൽ പ്രമേഹബാധിതർ കൂടുന്നതിന്റെ മൂലകാരണം ഇനിയും കണ്ടെത്തിയിട്ടില്ല. പലതരത്തിലുള്ള ഗവേഷണങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.
ഏഷ്യക്കാർക്ക് ജന്മനാ പ്രമേഹ സാദ്ധ്യത കൂടുതലാണെന്നാണ് അനുഭവങ്ങളിലൂടെയും പഠനങ്ങളിലൂടെയും കണ്ടെത്തിയിട്ടുള്ളത്. അതിനാൽ ജനിതകസാദ്ധ്യത ശക്തമാണ്. പണ്ട് ഭക്ഷണത്തിന് കുറവുണ്ടായിരുന്നു. എന്നാൽ ഇന്ന് അമിതഭക്ഷണമാണ്. ഭക്ഷണം കഴിക്കുകയെന്നല്ലാതെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന ചിന്തയില്ല. പാചകരീതികളിൽ വന്ന മാറ്റവും വ്യായാമങ്ങൾ കുറഞ്ഞതും പ്രമേഹത്തിന് കാരണമായി. മാനസികപിരിമുറുക്കങ്ങൾ കൂടിയായപ്പോൾ സ്ഥിതി സങ്കീർണമായി. 30മിനിട്ടിൽ കൂടുതൽ ഇരിക്കുന്നത് പോലും അപകടമെന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു ജേർണലിൽ പറയുന്നത്.
അപകടം
തിരിച്ചറിയണം
പ്രമേഹത്തിന് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ട്. ചെറുപ്പക്കാർക്കും ഹൃദ്രോഗ്രം ബാധിക്കുന്നു. ഡയാലിസിസ് രോഗികളിൽ വൃക്കയുടെ പ്രവർത്തനം കൂടുതൽ തകരാറിലാകുന്നു. നിരവധിപ്പേർക്ക് കാഴ്ച സംബന്ധമായ പ്രശ്നങ്ങളും വലിയൊരു വിഭാഗം ആളുകളുടെ പാദം മുറിച്ചുമാറ്റേണ്ടിയും വരുന്നു. ഇതിനെല്ലാം കാരണം പ്രമേഹമാണ്.
മരുന്നുകളോട്
നോ പറയുത്
മരുന്നു കഴിക്കാൻ മടിക്കുന്ന വലിയൊരു വിഭാഗമുണ്ട്. പ്രമേഹ മരുന്നുകൾ ശരീരത്തിന്റെ മറ്റ് അവയവങ്ങളെ തകരാറിലാക്കുമെന്ന മിഥ്യാധാരണയാണ് കാരണം. എന്നാൽ ഇന്ന് വിപണിയിലുള്ള പുതിയ മരുന്നുകൾ വൃക്ക, ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് യാതൊരുവിധത്തിലുള്ള തകരാറും വരുത്തുന്നില്ല. സ്കൂൾ തലത്തിൽ ഇക്കാര്യത്തിൽ ബോധവത്കരണം വേണം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്
ഒഫ് ഡയബറ്റീസ്
പ്രമേഹ ചികിത്സയിൽ ദീർഘവീക്ഷണത്തോടെ സ്ഥാപിതമായ സ്ഥാപനമാണിത്. 1.20ലക്ഷം ആളുകൾ ഇവിടെ നിരന്തരം ചികിത്സ തേടുന്നുണ്ട്. തിരുവനന്തപുരത്ത് പ്രമേഹത്തിന് മറ്റെല്ലാ ആശുപത്രികളിലും ചികിത്സയുള്ളപ്പോഴും ഇത്രയധികം ആളുകൾ ഇവിടെ മാത്രം ചികിത്സയിലിരിക്കുന്നുവെന്നത് രോഗികളുടെ എണ്ണം എത്രമാത്രം കൂടുതലാണെന്നതിന് തെളിവാണ്. ഗവേഷണങ്ങളും ഇവിടെ നടക്കുന്നുണ്ട്. കൊല്ലം ജില്ലയിൽ നിന്നും കന്യാകുമാരി, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് എത്തുന്നു.
(തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റീസ് ഡയറക്ടറും സി.ഇ.ഒയുമാണ് ലേഖകൻ)