
പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശങ്ങൾ
നെയ്യാറ്റിൻകര: ജില്ലാ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് പ്രവർത്തന രഹിതമായിട്ട് നാളുകളായി. മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണിയുണ്ടായിട്ടും നടപടിയില്ല. നെയ്യാറ്റിൻകര നഗരസഭ ഫോർട്ട് വാർഡിലെ കണ്ടൽ പ്രദേശമാണ് പകർച്ചവ്യാധി ഭീഷണി നേരിടുന്നത്. അടുത്തിടെ രോഗം ബാധിച്ച് റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാരനായ ജയകുമാർ മരിച്ചിരുന്നു. ഇതോടെയാണ് പ്രദേശത്തെ പകർച്ചവ്യാധിഭീഷണി പുറംലോകം അറിഞ്ഞത്. പ്ലാന്റിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ സംവിധാനങ്ങളുമില്ല. പ്ലാന്റ് പ്രവർത്തിക്കാത്തതിനാൽ സമീപപ്രദേശങ്ങളിൽ വലിയ ദുർഗന്ധമാണ്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുന്നവരും ഉദ്യോഗസ്ഥരും ദുർഗന്ധം കാരണം ബുദ്ധിമുട്ടുകയാണ്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം.
 മലിനജലം നെയ്യാറിലേക്ക്
മഴക്കാലമായാൽ മലിനജലം പലസ്ഥലങ്ങളിൽ നിന്നായി നെയ്യാറിലേക്ക് ഒഴുകിയെത്തും. സമീപത്തെ ജലസംഭരണിയിലും മലിനജലം നിറയുന്നതായി ആക്ഷേപമുണ്ട്. മലിനജലം ശുദ്ധമാക്കി ഉപയോഗിക്കാൻ ആശുപത്രിയിൽ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചെങ്കിലും പ്രവർത്തനരഹിതമാണ്. വർഷങ്ങൾക്കു മുമ്പ് ഒരു കോടിയിലേറെ രൂപ മുടക്കി നിർമ്മിച്ചതാണ് സ്വീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്. പ്ലാന്റ് തടസ്സങ്ങൾ കൂടാതെ പ്രവർത്തിക്കാൻ ഒരു ജീവനക്കാരനെ നിയമിച്ചിരുന്നു. ഇയാൾക്കുള്ള വേതനം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയാണ് നൽകിയിരുന്നത്.
 കാരണം അശ്രദ്ധ
ടാങ്കുകൾ വൃത്തിയാക്കാനോ കേടായ മോട്ടോറുകൾ മാറ്റി സ്ഥാപിക്കാനോ ഫിൽറ്ററുകൾ ക്ലീൻ ചെയ്യാനോ ആരും ശ്രദ്ധിക്കാറില്ലെന്നാണ് പരാതി. ഫിൽറ്ററുകളിലെല്ലാം അഴുക്കും മാലിന്യങ്ങളും അടഞ്ഞ് ട്രീറ്റ്മെന്റ് നടക്കാതായി. സമയാസമയങ്ങളിൽ ട്യൂബ് സെറ്റിലർ ടാങ്കിലെ ഫിൽറ്ററുകൾ,പ്രഷർസാൻഡ് ഫിൽറ്റർ, കാർബൺ ഫിൽറ്റർ തുടങ്ങിയവ ശുദ്ധീകരിക്കുകയോ റീപ്ലേസ് ചെയ്യുകയോ ചെയ്തിട്ടില്ല. ഇക്കലൈസേഷൻ ടാങ്ക് സ്വീവേജ് ലിഫ്റ്റിംഗ് പമ്പ്, ഫിൽറ്റർ ഫീഡ് പമ്പ് എന്നിവയും കേടായി.
 ജില്ലാപഞ്ചായത്ത് പ്ലാന്റ് നവീകരിക്കാൻ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. അടിയന്തരമായി നവീകരിക്കും
കെ.ആൻസലൻ
എം.എൽ.എ നെയ്യാറ്റിൻകര
 നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് അടിയന്തരമായി ശുചീകരിച്ച് പ്രവർത്തന സജ്ജമാക്കണം
ജെ.ജോസ് ഫ്രാങ്ക്ളിൻ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
 സ്വീവേജ് പ്ലാന്റ് അടിയന്തരമായി ശുചിയാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും
ഗോപാലകൃഷ്ണൻ ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ്