
ഭാര്യയുടെ ചികിത്സയ്ക്ക് നിക്ഷേപത്തുക തിരിച്ചു ചോദിച്ചപ്പോൾ നൽകാത്തതിനെത്തുടർന്ന് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നിൽ സാബു തൂങ്ങിമരിച്ച സംഭവം ഒറ്റപ്പെട്ടതാണെന്നു പറഞ്ഞ് തമസ്ക്കരിക്കാവുന്നതല്ല. സർക്കാരിന്റെ എല്ലാ നേട്ടങ്ങളും ഇത്തരം സംഭവങ്ങളുടെ മുന്നിൽ ഒന്നുമല്ലാതായിത്തീരാനാണ് സാദ്ധ്യത. നിക്ഷേപിച്ച പണം തിരികെ നൽകിയില്ലെന്നു മാത്രമല്ല, സാബുവിനെ പിടിച്ചു തള്ളുകയും അപമാനിക്കുകയും ചെയ്യാനുള്ള ധാർഷ്ട്യം ബാങ്ക് ജീവനക്കാർ കാട്ടിയതിന്റെ കൂടി പരിണിത ഫലമായാണ് ആ നിക്ഷേപകൻ തൂങ്ങിമരിച്ചത്. പണം നൽകണമെന്ന് കേണപേക്ഷിച്ചിട്ടും അവർ കൂട്ടാക്കിയില്ലെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി വാർത്താമാദ്ധ്യമങ്ങളോട് പറയുകയുണ്ടായി. 14 ലക്ഷം രൂപയാണ് സാബുവിന് ലഭിക്കാനുണ്ടായിരുന്നെന്നാണ് സൂചന. കട്ടപ്പനയിൽ 'വെറൈറ്റി"എന്ന പേരിൽ ചെറിയ ലേഡീസ് സെന്റർ നടത്തിവരികയായിരുന്നു സാബു.
നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്നും, താൻ തിരിച്ച് ആക്രമിച്ചെന്നു പറഞ്ഞ് പ്രശ്നം സൃഷ്ടിച്ചെന്നുമാണ് സാബു മുൻ ബാങ്ക് പ്രസിഡന്റ് വി.ആർ. സജിയോട് പരാതി പറഞ്ഞത്. അതിനു മറുപടിയായി, 'നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നും, പണി മനസിലാക്കിത്തരാ"മെന്നും പറഞ്ഞ് സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. തന്റെ മരണത്തിന് ഉത്തരവാദികൾ ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജമോൾ എന്നിവരാണെന്നാണ് സാബുവിന്റെ പോക്കറ്റിൽ നിന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പണം ലഭിക്കാത്തതിനൊപ്പം കടുത്ത അപമാനം കൂടി നേരിട്ടതാണ് സാബുവിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് നിസംശയം കരുതാം. ഇനി ആർക്കും ഈ ഗതി വരരുതെന്ന സാബുവിന്റെ ആത്മഹത്യാ കുറിപ്പിലെ വാചകം സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് മൊത്തത്തിലുള്ള ഒരു മുന്നറിയിപ്പാണ്.
ഇത്തരം ആത്മഹത്യകൾ ആവർത്തിച്ചിട്ടും സഹകരണ മേഖലയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി പരിഹരിക്കപ്പെടാതെ തുടരുകയാണ്. നിക്ഷേപകരറിയാതെ ജീവനക്കാരും രാഷ്ട്രീയക്കാരായ ബാങ്ക് ഭാരവാഹികളും കോടികൾ അടിച്ചുമാറ്റിയതും, ഈടില്ലാതെ നൽകിയ വൻകിട വായ്പകൾ തിരിച്ചുകിട്ടാതെ വന്നതുമാണ് സഹകരണ ബാങ്കിംഗ് രംഗത്തെ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുള്ളത്. തൃശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിലെയും കണ്ടല, നേമം തുടങ്ങിയ ബാങ്കുകളിലെയും തട്ടിപ്പിന്റെ വാർത്തകൾ വന്നതോടെ നിക്ഷേപകർ സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ച തുകകൾ വൻതോതിൽ പിൻവലിക്കാൻ തുടങ്ങിയതോടെ മിക്ക സഹകരണ ബാങ്കിംഗ് സൊസൈറ്റികളും ഇപ്പോൾ ധന പ്രതിസന്ധിയിലാണ് എന്നതാണ് യാഥാർത്ഥ്യം. ബാങ്കിംഗ് ബിസിനസിന്റെ അടിത്തറ വിശ്വാസ്യതയാണ്. അത് തകർന്നാൽ ഏതു ബാങ്കും പൊളിയാൻ അധിക സമയം വേണ്ട.
കഷ്ടപ്പെട്ടുണ്ടാക്കിയ പണം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ട്, അത് തിരികെ ലഭിക്കാൻ ബാങ്കിന്റെ തിണ്ണ നിരങ്ങേണ്ടിവരുന്ന അവസ്ഥ പരിതാപകരമാണ്. നിക്ഷേപ സമാഹരണത്തിൽ വലിയ ഉത്സാഹം കാട്ടാറുള്ള ബാങ്കിന്റെ ഭാരവാഹികൾ തന്നെ പണം തിരികെ ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്ന വില്ലൻമാരായി മാറുന്നത് അംഗീകരിക്കാനാവുന്നതല്ല. നിക്ഷേപിച്ച തുക ഒന്നിച്ച് കുടുംബത്തിന് ലഭിക്കാൻ നിക്ഷേപകൻ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന അവസ്ഥ മാറ്റാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. അതല്ലെങ്കിൽ ആർ.ബി.ഐ ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണം. പണം ഉടൻ നൽകാൻ കഴിഞ്ഞില്ലെങ്കിൽ, മര്യാദയ്ക്ക് സംസാരിക്കാനെങ്കിലും ഇത്തരം ബാങ്കിലെ ജീവനക്കാരെ പഠിപ്പിക്കണം. ഇനിയെങ്കിലും ഇത്തരം ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ ഉതകുന്ന പരാതി പരിഹാര സെല്ലിന് സഹകരണ വകുപ്പ് അടിയന്തരമായി രൂപം നൽകണം.