pension

പാവപ്പെട്ടവരെ സഹായിക്കാനായി സർക്കാർ ഏർപ്പെടുത്തിയ ക്ഷേമ പെൻഷൻ അനർഹമായി വാങ്ങിക്കൊണ്ടിരിക്കുന്ന 1458 സർക്കാർ ജീവനക്കാരെ പരിശോധനയിൽ കണ്ടെത്തിയിട്ട് ആഴ്‌ചകളായി. പെൻഷൻ പട്ടികയിൽ 62 ലക്ഷം പേരാണുള്ളത്. ക്രമക്കേടു കാട്ടി പെൻഷൻ വാങ്ങിക്കൊണ്ടിരുന്നവരെ കണ്ടെത്തിയതിനെത്തുടർന്ന് വ്യാപകമായ പരിശോധന നടത്തുമെന്നും സർക്കാർ പണം അനധികൃതമായി കൈപ്പറ്റുന്നവരെ പിടികൂടി നടപടി എടുക്കുമെന്നും ഒക്കെയായിരുന്നു ഗീർവാണം. എന്നാൽ ക്രമക്കേടു കണ്ടുപിടിച്ച ആദ്യ പരിശോധനകൾക്കു ശേഷം ഇതുവരെ എന്തെങ്കിലും നടന്നതായി കേട്ടില്ല. രണ്ടുദിവസം മുൻപ് കൃഷിവകുപ്പിലെ ആറു ജീവനക്കാരെ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തതായി വാർത്തയുണ്ടായിരുന്നു. കൃഷിവകുപ്പിലെ താഴ‌്‌ന്ന വിഭാഗം ജീവനക്കാരാണ് ഇവരിൽ മിക്കവരും. പ്രൊഫസർമാർ തൊട്ട് ശിപായിമാർ വരെയുള്ളവർ സാമൂഹ്യ പെൻഷൻ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ആദ്യ നടപടി പുറത്തുവന്നപ്പോൾ അതിൽ കീഴ് ജീവനക്കാർ മാത്രം!

1458 പേരെ പരിശോധനയിൽ കണ്ടെത്തിയെങ്കിലും ആറുപേർക്കെതിരെ മാത്രം നടപടിയെടുത്ത് കൈകഴുകാനാണോ ശ്രമമെന്ന സംശയം പരക്കെയുണ്ട്. ഈ വിഷയത്തിൽ സർക്കാരിന്റെ അലസ മനോഭാവം കാണുമ്പോൾ അത്തരത്തിൽ ചിന്തിക്കാനാണ് ആർക്കും തോന്നുക. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിയതുവഴി 2.25 കോടി രൂപയാണ് ഖജനാവിൽ നിന്ന് ഒഴുകിപ്പോയത്. ഇത് പലിശ സഹിതം തിരിച്ചുപിടിക്കുമെന്നാണ് ധനമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞുവന്നത്. എന്നാൽ കാര്യമായി ഒന്നും നടന്നില്ല. സർക്കാരിനെ പറ്റിച്ച് സ്വന്തം ശമ്പളത്തിനു പുറമെ സാമൂഹ്യ സുരക്ഷാ പെൻഷനും കൈക്കലാക്കിയ ജീവനക്കാർ തട്ടിയെടുത്ത പണം തിരിച്ചടയ്ക്കാതെ സുഖമായി സർവീസിൽ തുടരുകയാണ്. തെറ്റായ മാർഗത്തിലൂടെ പണം കൈപ്പറ്റിയ ഉദ്യോഗസ്ഥർക്ക് ഉളുപ്പില്ലായിരിക്കാം. എന്നാൽ കള്ളത്തരം നടത്തിയ ആൾക്കാരുടെ പട്ടിക കൈവശമിരുന്നിട്ടും സർക്കാർ അനങ്ങാതിരിക്കുന്നത് എന്തുകൊണ്ടാണ്?

സംസ്ഥാനത്ത് ഇപ്പോൾ നീതി നടത്തിപ്പ് ആളുകളുടെ മുഖം നോക്കിയാണെന്ന ആക്ഷേപം ശരിവയ്ക്കും വിധമാണ് കാര്യങ്ങൾ. കുറ്റം ചെയ്യുന്നത് സമൂഹത്തിലെ വമ്പന്മാരാണെങ്കിൽ കഴിവതും അവരെ നിയമത്തിന്റെ ചങ്ങലകളിൽ പെടുത്താതെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാകും നടക്കുക. സ്വാധീനമോ രാഷ്ട്രീയ ബലമോ ഇല്ലാത്തവനാണ് കുറ്റം ചെയ്യുന്നതെങ്കിൽ സ്വാഭാവികനീതി പോലും ഏറെ അകലെയായിരിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുതൽ താഴേയ്ക്ക്,​ വഞ്ചിയൂരിൽ റോഡ് അടച്ച് സ്റ്റേജ് കെട്ടി കേസിലകപ്പെട്ടവർ വരെയുള്ളവരുടെ അനുഭവം പരിശോധിച്ചാൽ ഇതു ബോദ്ധ്യമാകും. വഞ്ചിയൂർ സംഭവത്തിൽ സമ്മേളനത്തിന്റെ സംഘാടകരോ പ്രസംഗകരോ ഒന്നുമല്ല,​ സ്റ്റേജ് കെട്ടിയ കൂലിപ്പണിക്കാരും മൈക്ക് ഓപ്പറേറ്റർമാരുമൊക്കെയാണ് മുൻനിര പ്രതികൾ!

മൂന്നരക്കോടി ജനങ്ങൾ മാത്രമുള്ള സംസ്ഥാനത്ത് 62 ലക്ഷം പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ പതിവായി വാങ്ങിക്കൊണ്ടിരിക്കുന്നു എന്ന വിവരം തന്നെ സന്ദേഹമുളവാക്കുന്നതാണ്. പെൻഷൻ വാങ്ങുന്നവരുടെ പട്ടിക കൃത്യമായി പരിശോധിക്കുകയാണെങ്കിൽ അനധികൃതമായി ആനുകൂല്യം കൈപ്പറ്റുന്ന ആയിരക്കണക്കിനാളുകളെ ഇനിയും കണ്ടെത്താനാകും. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാനായി 11,000 കോടി രൂപയാണ് ഒരു വർഷം വേണ്ടിവരുന്നത്. സാമൂഹ്യ പെൻഷൻ വാങ്ങുന്നവരിൽ ധാരാളം പേർ അനധികൃതമായാണ് ഈ ആനുകൂല്യം പറ്റുന്നതെന്ന് സി.എ.ജി ഉൾപ്പെടെയുള്ള ഏജൻസികൾ വളരെ മുന്നേ തന്നെ സർക്കാരിനെ അറിയിച്ചിട്ടുള്ളതാണ്. വോട്ടുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാകാം,​ സർക്കാർ ഇത് കാര്യമായി എടുക്കാത്തത്. അനധികൃതമായി പെൻഷൻ വാങ്ങുന്നവരെ കണ്ടെത്തി നടപടിയെടുത്താൽ സാമ്പത്തിക ഞെരുക്കം നേരിടുന്ന സർക്കാരിന് നേരിയ ആശ്വാസമെങ്കിലും ലഭിക്കും. ഒഴിവാക്കപ്പെടുന്നവർക്കു പകരം അർഹരായ പാവപ്പെട്ടവരെ ഉൾപ്പെടുത്താനും സാധിക്കും.