കോവളം : ജില്ലയിലെ രണ്ടു പാർലമെന്റ് മണ്ഡലങ്ങളിലും വർഗീയശക്തികൾ പ്രബലശക്തിയായി ഉയർന്നിരിക്കുകയാണെന്നും അവർക്ക് എവിടെനിന്നാണ് ശക്തി കിട്ടുന്നതെത് പരിശോധിക്കണമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുദേവനും അയ്യങ്കാളിക്കും ചട്ടമ്പിസ്വാമികൾക്കും ജന്മം കൊടുത്ത,നിരവധി രക്തസാക്ഷികൾ ജനിച്ച മണ്ണിലാണ് ഇത് സംഭവിക്കുന്നത്.
മനുഷ്യ തുല്യത അംഗീകരിക്കാത്ത മനുവാദത്തിന്റെ ശക്തികൾ നമ്മുടെ കണ്മുന്നിൽ നുഴഞ്ഞുകയറുകയാണ്. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരു'മെന്ന് ശ്രീനാരായണഗുരുദേവൻ എഴുതിവച്ചതിന്റെ അന്തഃസത്ത ഉൾക്കൊള്ളാതെ വർഗീയവാദത്തിന്റെ ന്യായീകരണം പറഞ്ഞുപോകുന്നവർ നമ്മുടെ അയലത്തുകാരാണ്. ഇതെല്ലാം പരിശോധിക്കുകയും ദൗർബല്യം കഴുകിക്കളഞ്ഞ് കരുത്ത് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും വേണം.

ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചാണ് തുടർ ഭരണമുണ്ടായത്.മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുകാരൻ എന്നുവരെ വിളിച്ചു. നാടൻ പ്രതിലോമശക്തികളും മറുനാടൻ പ്രതിലോമ ശക്തികളും ഒന്നിച്ച് ആക്രമിക്കുകയായിരുന്നു. കേരളത്തെ വികസനത്തിന്റെ പുതിയ തലത്തിലേക്ക് ഉയർത്തിയത് പിണറായി സർക്കാരാണ്. 2026-ൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉണ്ടാകണമെന്ന് ജനങ്ങൾക്ക് തോന്നാം.അധികാരമില്ലാത്ത അവസ്ഥയെക്കുറിച്ച് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ല. അതാണ് സർക്കാരിനെതിരെ ആക്രമണം അഴിച്ചു വിടുന്നത്.പാർട്ടി സമ്മേളനങ്ങൾ തെറ്റു തിരുത്തൽ പ്രക്രിയ കൂടിയാണ്.പാർട്ടിയിലെ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ സി.ജയൻബാബു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.എം.തോമസ് ഐസക്, കെ.കെ.ശൈലജ, എ.കെ.ബാലൻ, കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ.ജയചന്ദ്രൻ,ആനാവൂർ നാഗപ്പൻ,സജി ചെറിയാൻ പുത്തലത്ത് ദിനേശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ശിവൻകുട്ടി,കടകംപള്ളി സുരേന്ദ്രൻ, എ.എ.റഹീം, ടി.എൻ.സീമ, ജില്ലാ സെക്രട്ടറി വി.ജോയി, സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.അജയകുമാർ, ബി.പി.മുരളി, എൻ.രതീന്ദ്രൻ, ആർ.രാമു, കെ.സി.വിക്രമൻ,പുത്തൻകട വിജയൻ, കെ.എസ്.സുനിൽകുമാർ, ഡി.കെ.മുരളി, എസ്.പുഷ്പലത എന്നിവരും പങ്കെടുത്തു.


കോൺഗ്രസ് ജനാധിപത്യ പാർട്ടിയല്ലെന്ന്

കോൺഗ്രസ് ജനാധിപത്യ പാർട്ടിയല്ലെന്നും മാദ്ധ്യമങ്ങൾ അങ്ങനെ വിശേഷിപ്പിക്കുന്നത് ശരിയാണോയെന്ന് പരിശോധിക്കണമെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. കോൺഗ്രസിൽ വിവിധ തലത്തിലുള്ള ഭാരവാഹികളെ ഹൈക്കമാൻഡ് നിയമിക്കുകയാണ്. അഖിലേന്ത്യ കോൺഗ്രസ് നേതൃത്വമെന്നു പറയുന്ന ഏതാനും പേരാണ് നിയമനങ്ങൾ നടത്തുന്നത്. 1991-ലാണ് കോൺഗ്രസിൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. ഇതിലൊന്നും മാദ്ധ്യമങ്ങൾക്ക് പരാതിയില്ലെന്നും മാർക്സിസ്റ്റ് പാർട്ടിയിൽ എന്തെങ്കിലുമുണ്ടായാൽ ആകാശം ഇടിഞ്ഞുവീണ പോലെ പെരുമാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.