തിരുവനന്തപുരം: കുടിശികയുമായി ബന്ധപ്പെട്ട് സംശയം ചോദിക്കാനും കണക്ഷൻ വിച്ഛേദിച്ചത് അന്വേഷിക്കാനും വാട്ടർഅതോറിട്ടി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതി വാട്ടർഅതോറിട്ടി ചീഫ് എൻജിനിയർ അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. ജനുവരി 16 ന് രാവിലെ 10ന് കമ്മിഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ എക്സിക്യുട്ടീവ് എൻജിനിയർ ഹാജരാകണം. കഴിഞ്ഞ മാസം 28ന് പോങ്ങുംമൂട് സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടറിന്റെ പരിസരത്താണ് സംഭവമുണ്ടായത്. മർദ്ദനമേറ്റയാളെ വീണ്ടും ഓഫീസിലെത്തിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങിയെന്നും ആരോപണമുണ്ട്. 5000 രൂപ കുടിശിക അടച്ചെങ്കിലും കണക്ഷൻ വിച്ഛേദിച്ചതായി പരാതിയുണ്ട്. കമ്മിഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി.