തിരുവനന്തപുരം: നടി ശ്രീവിദ്യയുടെ സ്മരണാർത്ഥം ആറു ദിവസം നീണ്ട ‘നൃത്യസമൃദ്ധി' നൃത്തശില്പശാലയും അവതരണവും സംഘടിപ്പിക്കുന്നു. ശിവാനന്ദ ആസ്തിക്യ യോഗയുടെ സഹകരണത്തോടെ ആസ്തിക്യ ഫൗണ്ടേഷന്റെ കലാസാംസ്കാരിക വിഭാഗമായ ആസ്തിക്യ സംസ്കൃതിയും ശ്രീവിദ്യ കലാനികേതൻ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് മുതൽ 28 വരെ വെള്ളയമ്പലം കെ.വി.സുരേന്ദ്രനാഥ് ട്രസ്റ്റ് ഓഡിറ്റോറിയത്തിലാണ് നൃത്തശില്പശാല ഒരുക്കുന്നത്. ഇന്ന് രാവിലെ 9ന് നർത്തകി ഡോ.മേതിൽ ദേവിക ഉദ്ഘാടനം ചെയ്യും. തുടർന്ന് "വ്യഭിചാരീ ഭാവങ്ങളുടെ സ്വംവംശീകരണം" എന്ന വിഷയത്തിൽ ഡോ.കണ്ണൻ പരമേശ്വരൻ ക്ലാസ് നയിക്കും.

28 വരെ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 8 വരെ മൂന്നു വിഭാഗങ്ങളിലായി ശർമിള ബിശ്വാസ്,മാർഗി വിജയകുമാർ,പ്രിയങ്ക വെമ്പട്ടി എന്നിവർ ക്ലാസ് നയിക്കും.
28 വൈകിട്ട് 5ന് തിരുവനന്തപുരം കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പൂയം തിരുനാൾ ഗൗരി പാർവതി ബായി വിശിഷ്ടാതിഥിയാകും. നൃത്താദ്ധ്യാപകനായ നന്തൻകോട് എസ്.വിനയചന്ദ്രനെ ചടങ്ങിൽ ആദരിക്കുമെന്ന് ആസ്തിക്യ പ്രോഗ്രാം ഡയറക്ടർ അളകനന്ദ ഉണ്ണിത്താൻ,ശ്രീവിദ്യാകലാനികേതൻ ഫൗണ്ടർ ഡയറക്ടർ അഞ്ജിത ബി.ആർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.