നിർമ്മാണ സാധനങ്ങളുടെ ദൗർലഭ്യം

പോത്തൻകോട്: ഏറെ പ്രതീക്ഷയോടെ നിർമ്മാണം തുടങ്ങിയ കഴക്കൂട്ടം - കടമ്പാട്ടുകോണം ദേശീയപാത നിർമ്മാണം മന്ദഗതിയിൽ.കഴിഞ്ഞ 8 മാസത്തിനിടെ നിർമ്മാണ പ്രവർത്തനങ്ങളിൽ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. മണ്ണിന്റെയും മറ്റ് നിർമ്മാണ സാധനങ്ങളുടെയും ദൗർലഭ്യമാണ് നിർമ്മാണം മന്ദഗതിയിലാകാൻ കാരണമായതെന്ന് അധികൃതർ പറയുന്നു.
പ്രധാനപാതയോടു ചേർന്ന് ഇരുവശത്തും ഏഴര മീറ്റർ വീതിയിൽ നിർമ്മിക്കുന്ന സർവീസ് റോഡുകളുടെ പണികൾ ഏറക്കുറെ പൂർത്തിയായി.ആറുവരി ദേശീയ പാതയെയും സർവീസ് റോഡുകളെയും വേർതിരിച്ച് ആറു മുതൽ പത്തടി വരെ ഉയരത്തിൽ നിർമ്മിക്കുന്ന കോൺക്രീറ്റ് ഭിത്തികളുടെ നിർമ്മാണവും മന്ദഗതിയിലാണ്.

ഏഴര മീറ്റർ വീതിയിൽ രണ്ട് വാഹനങ്ങൾക്ക് യഥേഷ്ടം കടന്നുപോകാവുന്ന വിധത്തിലാണ് സർവീസ് റോഡുകളുടെ രൂപകല്പന.സർവീസ് റോഡുകളിൽ നിന്ന് ആറുവരി പാതയിലേക്ക് വാഹനങ്ങൾ കയറുന്നതിന് സൗകര്യമൊരുക്കി കൃത്യമായ ഇടങ്ങളിൽ റോഡ് താഴ്ത്തി നിർമ്മിക്കുന്നതൊഴിച്ചാൽ റാേഡിന്റെ ഭൂരിഭാഗവും ഉയർത്തിയായിരിക്കും നിർമ്മാണം. കൂടാതെ ആറുവരിപ്പാതയുടെ ഇരുവശത്തും മദ്ധ്യഭാഗത്തും ഒരു മീറ്റർ വീതിയിൽ ക്രാഷ് ബാരിയറുകൾ നിർമ്മിക്കുകയും ഓരോ വശവും11.5 മീറ്റർ വീതിയിൽ മൂന്ന് വരി വാഹനങ്ങൾ പോകത്തക്ക വിധത്തിൽ മൂന്ന് ലൈൻ പാതയായുമാണ് പ്രധാന റോഡ് നിർമ്മിക്കുന്നത്.

നിർമ്മാണം തീരേണ്ടിയിരുന്നത് - 2025ൽ

പദ്ധതിച്ചെലവ് - 795 കോടി

നിർമ്മാണച്ചുമതല - ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡിന്

ദൈർഘ്യം - 29.83 കിലോമീറ്റർ

ഉയരമുണ്ട്

ദേശീയപാതയെക്കാൾ ശരാശരി എട്ട് മീറ്റർ ഉയർത്തിയാണ് പുതിയ ആറുവരിപ്പാതയുടെ നിർമ്മാണം. ചില ഭാഗങ്ങളിൽ ഉയരം 20 മീറ്റർ വരെയാകാം.

പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ

ഇടപ്പള്ളി മുതൽ കഴക്കൂട്ടം വരെയുള്ള നിർദ്ദിഷ്ട ദേശീയപാതയിൽ സിഗ്നൽ സംവിധാനമുണ്ടാകില്ല. ഇടപ്പള്ളി കഴിഞ്ഞാൽ പിന്നെ സിഗ്നലുണ്ടാവുക കുളത്തൂർ മുക്കോലയ്ക്കൽ ജംഗ്ഷനിൽ മാത്രം.വാഹനങ്ങളുടെ ശരാശരി വേഗത 80 മുതൽ 120 വരെയാകും.

കഴക്കൂട്ടം - കടമ്പാട്ടുകോണം ദേശീയപാതയിൽ

4 സെമി യൂറ്റിലിറ്റി അണ്ടർ പാസ്

6 ലൈറ്റ് വെഹിക്കിൾ അണ്ടർ പാസ്

5 വെഹിക്കിൾ അണ്ടർ പാസ്

4 ഫ്ലൈഓവർ

3 വെഹിക്കിൾ ഓവർപാസ്

ഫ്ലെെഓവറുകൾ

നിർമ്മിക്കുന്നത്

കല്ലമ്പലം (3 സ്പാൻ), മംഗലപുരം (1 സ്പാൻ), പള്ളിപ്പുറം സി.ആർ.പി.എഫ് (1 സ്പാൻ), കഴക്കൂട്ടം വെട്ടുറോഡ് (4 സ്പാൻ).30 മീറ്റർ നീളത്തിലാണ് ഓരോ സ്പാനും നിർമ്മിക്കുന്നത്. ഒരു സ്പാനിന് ശരാശരി രണ്ട് പില്ലർ എന്ന കണക്കിനാണ് പില്ലറുകളുടെ നിർമ്മാണം.

ക്യാപ്ഷൻ: കഴക്കൂട്ടം - കടമ്പാട്ടുകോണം ദേശീയപാത