തിരുവനന്തപുരം: തലച്ചോറിൽ അന്യൂറിസം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 56കാരിയിൽ അതിനൂതന ചികിത്സ വിജയകരമാക്കി കിംസ് ഹെൽത്തിലെ മെഡിക്കൽ സംഘം.തലചുറ്റൽ,കടുത്ത തലവേദന,ഛർദ്ദി
തുടങ്ങിയവയുമായി തിരുവനന്തപുരം സ്വദേശിയായ രോഗിയെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.വിശദപരിശോധനയിൽ രോഗിയുടെ തലച്ചോറിന്റെ
താഴ്ഭാഗത്തെ പ്രധാന രക്തധമനികളിലൊന്നിൽ 5 മില്ലിമീറ്റർ നീളവും 4 മില്ലിമീറ്റർ വീതിയുമുള്ള അന്യൂറിസം കണ്ടെത്തി.തുടർന്ന് ബലൂൺ അസിസ്റ്റഡ് കോയിലിംഗ് എന്ന അതിനൂതന ചികിത്സ വഴി രോഗാവസ്ഥ ഭേദമാക്കി.
തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലുണ്ടാകുന്ന വീക്കമാണ് അന്യൂറിസം.
തുടർച്ചയായ രക്തസ്രാവം സ്‌ട്രോക്കിലേക്കും അതുവഴി മരണത്തിനും കാരണമായേക്കാം.യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സന്തോഷ് ജോസഫ് ചികിത്സയ്ക്ക് നേതൃത്വം നൽകി.അത്യാധുനിക ത്രീഡി ഫ്ളൂറോസ്‌കോപിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചികിത്സ പൂർത്തീകരിച്ചത്.ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവ്,ഇമേജിംഗ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ചീഫ് കോഓർഡിനേറ്ററും സീനിയർ കൺസൾട്ടന്റുമായ ഡോ.മാധവൻ ഉണ്ണി, ന്യൂറോ അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.ശരത് സുരേന്ദ്രൻ എന്നിവരും ചികിത്സയുടെ ഭാഗമായി.