
നെടുമങ്ങാട്: നഗരസഭയിലെ പ്രധാന പാതകളിലൊന്നായ മണക്കോട് കുഴിന്ത്രകോണം റോഡിൽ കാൽനടപോലും അസാദ്ധ്യമായി. തകർന്നുകിടക്കുന്ന റോഡ് ടാർ ചെയ്തിട്ട് വർഷങ്ങളായി. വാളിക്കോട് റോഡിനേയും ഹൗസിംഗ് ബോർഡ് റോഡിനേയും ബന്ധിപ്പിക്കുന്ന പാതയാണിത്. മണക്കോട് നിന്നും 2കി.മീ മാത്രമേ റോഡിന് ദൈർഘ്യമുള്ളൂ, ഇതിൽ 500മീ. ദൂരമാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. മാത്രമല്ല, റോഡിലെ മെറ്റൽ ഇളകി തെറിക്കുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും സ്ഥിരമാണ്. കുഴിന്ത്രക്കോണം അങ്കണവാടിയിലേയ്ക്ക് പോകുന്നതും ഈ മാർഗമാണ്. മണക്കോട് നിവാസികൾക്ക് വാളിക്കോട് വഴി നെടുമങ്ങാട് എത്താനുള്ള പാതയാണ് തകർന്നു കിടക്കുന്നത്. റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.