കോവളം: 'രക്തസാക്ഷികൾ സിന്ദാബാദ്, രക്തപതാക സിന്ദാബാദ് '....മുഷ്ടിചുരുട്ടി ആവേശത്തോടെ പ്രതിനിധികൾ വിളിച്ച മുദ്രാവാക്യത്തിന്റെ അകമ്പടിയിൽ സമ്മേളന ഹാളിന് മുന്നിലെ കൊടിമരത്തിൽ ജില്ലയിലെ മുതിർന്ന നേതാവ് ആനാവൂർ നാഗപ്പൻ പതാക ഉയർത്തിയതോടെ സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി.
ഇന്നലെ രാവിലെ പത്തുമണിയോടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിനിധികൾക്കൊപ്പം പ്രകടനമായി രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. ബാൻഡ് മേളവും വെടിക്കെട്ടും പതാക ഉയർത്തലിന് അകമ്പടി തീർത്തു.
'ചെമ്മുകിലാട അണിഞ്ഞ വസന്തം സ്വപ്നം കാണുക നാം 'എന്ന സംഘഗാനത്തോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. ജില്ലാ സെക്രട്ടേറിയറ്റംഗം ജയൻബാബുവായിരുന്നു സമ്മേളനത്തിന്റെ താത്കാലിക അദ്ധ്യക്ഷൻ. ബി.പി. മുരളി രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. പാർട്ടി നേതാക്കളായ സീതാറാം യെച്ചൂരി, കൊടിയേരി ബാലകൃഷ്ണൻ, ആനത്തലവട്ടം ആനന്ദൻ എന്നിവരെ അനുസ്മരിച്ചുകൊണ്ടുള്ള പ്രമേയം ആർ.രാമുവും പൊതുഅനുശോചന പ്രമേയം എൻ.രതീന്ദ്രനും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർപേഴ്‌സൺ ടി.എൻ.സീമയാണ് സ്വാഗതം പറഞ്ഞത്. ഉദ്‌ഘാടനത്തിനു ശേഷം ജില്ലാ സെക്രട്ടറി വി.ജോയി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് 19 ഏരിയ കമ്മിറ്റികൾ ഗ്രൂപ്പ് യോഗം ചേർന്ന് റിപ്പോർട്ട് ചർച്ച ചെയ്ത ശേഷം തിരഞ്ഞെടുത്ത പ്രതിനിധി ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് സമ്മേളനത്തിന് എത്തി. ഒന്നര മണിക്കൂറോളം ചർച്ച കേട്ടിരുന്നു. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം തുടരും. 19 ഏരിയകളിൽ നിന്നുള്ള 439 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. നാളെ വൈകിട്ട് 4ന് ആഴാകുളത്തുനിന്നുള്ള റെഡ് വോളന്റിയർ മാർച്ചിനും ബഹുജനറാലിക്കും ശേഷം സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (വിഴിഞ്ഞം) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാന നൃത്ത വിസ്മയരാവ് 'മ' ഷോ.