നെടുമങ്ങാട്: അന്താരാഷ്ട്ര മാർക്കറ്റിലെ മൊത്ത വ്യാപാര വിപണിയിൽ വീണ്ടും കർഷകരുടെ പ്രതിഷേധം. കഴിഞ്ഞ അഞ്ചുമാസത്തെ കുടിശിക തീർത്തുതരണമെന്നും എല്ലാമാസവും അതാത് മാസത്തെ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ള കർഷകർ ധർണ നടത്തി. എട്ടുലക്ഷം രൂപ വരെ പല കർഷകർക്കും ലഭിക്കാനുണ്ടെന്ന് കർഷക സംഘടനാ ഭാരവാഹികൾ പറഞ്ഞു. ക്രിസ്മസിന് മുമ്പ് ഇതുവരെയുള്ള കുടിശിക പൂർണമായി നൽകിയില്ലെങ്കിൽ ശക്തമായ സമരത്തിന് തയാറാകുമെന്നും കാർഷികോത്പന്നങ്ങളുമായി സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി. വേൾഡ് മാർക്കറ്റ് സെക്രട്ടറി കർഷകരുമായി ചർച്ച നടത്തി. കർഷക സംഘടനാ പ്രസിഡന്റ് ഷെഫീഖ് പനയ്‌ക്കോട്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, വടക്കേല ജോയി,സുധാകരൻ തുടങ്ങിയവർ ധർണയിൽ സംസാരിച്ചു.