prathishedam

വർക്കല: വർക്കല-ശിവഗിരി റെയിൽവേസ്റ്റേഷന് മുന്നിൽ ബി.ജെ.പി കൗൺസിലർമാരുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. സ്റ്റാൻഡിനുള്ളിൽ കയറാത്ത സ്വകാര്യ ബസുകളെ തടഞ്ഞുകൊണ്ട് മണിക്കൂറുകളോളം പ്രതിഷേധ സമരം നടന്നു. പ്രധാന റോഡിൽ ബസ് നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായി നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടികളില്ലാത്തതിനാലാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് കൗൺസിലർ അഡ്വ.ആർ. അനിൽകുമാർ പറഞ്ഞു. സമരം ശക്തമായതോടെ പൊലീസും ആർ.ടി.ഒ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.