തിരുവനന്തപുരം: രണ്ടാമത് സ്റ്റേറ്റ് പ്രിസൺ മീറ്റിനോടനുബന്ധിച്ചുള്ള അത്‌ലറ്റിക്സ് മത്സരങ്ങൾ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്നു.മത്സരങ്ങളുടെ മുന്നോടിയായി മൂന്ന് മേഖലകളിലെ മത്സരാർത്ഥികളുടെ മാർച്ച്പാസ്റ്റ് നടന്നു.തുടർന്ന് ഒളിമ്പ്യൻ കെ.എം.ബീനാമോൾ പതാകയുയർത്തി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജയിൽ ദക്ഷിണമേഖല ഡി.ഐ.ജി സത്യരാജ് അദ്ധ്യക്ഷനായി.ദക്ഷിണമേഖല റീജിയണൽ വെൽഫെയർ ഓഫീസർ മുകേഷ്.കെ.വി. സ്വാഗതവും സെൻട്രൽ ജയിൽ സൂപണ്ട് സജീവ് നന്ദിയും പറഞ്ഞു.
40 വയസിന് താഴെയും 40 വയസിന് മുകളിലുമുള്ള രണ്ട് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരങ്ങൾ.40 വയസിന് താഴെയുള്ള പുരുഷവിഭാഗത്തിൽ വേഗതയേറിയ താരമായി ഉത്തര മേഖലയിലെ നസീബും വനിതാ വിഭാഗത്തിൽ ദക്ഷിമേഖലയിലെ ആതിരാ രവിയും 40 വയസിന് മുകളിലുള്ള പുരുഷവിഭാഗത്തിൽ ഉത്തര മേഖലയിലെ ജാഫർ വി.സി.യും വനിതാ വിഭാഗത്തിൽ ദക്ഷിണമേഖലയിലെ രതി കൈപ്പച്ചേരിയും അർഹരായി.
ഇതുവരെ നടന്ന മത്സരങ്ങൾക്കുശേഷം ദക്ഷിണ മേഖല 185 പോയിന്റുമായി ഒന്നാം സ്ഥാനത്തും 180 പോയിന്റുമായി ഉത്തര മേഖല രണ്ടാം സ്ഥാനത്തുമാണ്. മദ്ധ്യമേഖലയ്ക്ക് 32 പോയിന്റാണ് ലഭിച്ചത്.
ചിത്തിര തിരുനാൾ സ്‌റ്റേഡിയത്തിൽ ഇന്ന് രാവിലെ 7.30ന് ഫുട്ബാൾ,8ന് ചെസ് മത്സരം,9.30ന് ക്രിക്കറ്റ് മത്സരം,വൈകിട്ട് 5ന് ശരീര സൗന്ദര്യ മത്സരവും കിഴക്കേക്കുന്ന് പൂജപ്പുര സെൻട്രൽ പ്രിസൺ പരേഡ് ഗ്രൗണ്ടിൽ ജാവലിൻ,ഡിസ്‌ക്കസ്,ഷോട്ട്പുട്ട് തുടങ്ങിയ ത്രോ ഇനങ്ങളും നടക്കും.രാത്രി 7.30 മുതൽ പൂജപ്പുര സെൻട്രൽ പ്രിസൺ കളിക്കളം ഗ്രൗണ്ടിൽ നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും നടക്കും.