തിരുവനന്തപുരം: തിരുനെൽവേലിയിൽ തള്ളിയ മാലിന്യങ്ങൾക്കിടയിൽ ആർ.സി.സിയിലെ പേപ്പറുകൾ കണ്ടെത്തിയ സംഭവത്തിൽ സ്വകാര്യ ഏജൻസിയായ സണേജിനെതിരെ നടപടി.ആർ.സി.സിയിൽ നിന്ന് ബയോമെ‌ഡിക്കൽ മാലിന്യങ്ങളൊഴികെ ശേഖരിക്കുന്ന ഏജൻസിയാണിത്. എന്നാൽ ഇവർ തമിഴ്നാട്ടിലുള്ളവർക്ക് സബ് ക്വട്ടേഷൻ കൊടുത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് ആശുപത്രി അധികൃതറിഞ്ഞത്. ഇതോടെയാണ് സണേജിന്റെ അധികൃതർക്ക് നേട്ടീസ് നൽകിയശേഷം ഇവരുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനിച്ചത്.

മാലിന്യങ്ങൾക്കിടയിൽ ആർ.സി.സിയിലെ പേപ്പറുകളും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് പൊലീസും മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥരും ആർ.സി.സിയിലെത്തിയിരുന്നു. വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ സംഘം ആർ.സി.സിയിലെ മാലിന്യസംസ്കരണ രീതിയും പുറത്തേക്ക് കൈമാറുന്ന രീതികളും മനസിലാക്കിയാണ് മടങ്ങിയത്. തമിഴ്നാട്ടിൽ നിന്നെത്തിയ ഉദ്യോഗസ്ഥസംഘമാണ് ഏജൻസിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൈമാറിയത്. ഏജൻസിയുടെ രജിസ്ട്രേഷൻ ഉൾപ്പെടെ കേരളത്തിലാണെങ്കിലും മാലിന്യം ശേഖരിക്കാൻ തമിഴ്നാട്ടിലുള്ളവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും ഇവിടെ നിന്നുള്ള മാലിന്യങ്ങൾ അവിടേക്കാണ് എത്തുന്നതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

സണേജിന് കേരളത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ശുചിത്വമിഷന്റെയും അംഗീകാരമുണ്ട്.

കേരളത്തിലുള്ള മാലിന്യസംസ്കരണ ഏജൻസികളെല്ലാം സമാനമായ രീതിയിൽ മാലിന്യം ശേഖരിച്ച് തമിഴ്നാട്ടിലേക്ക് തള്ളുന്നതായുള്ള പരാതികൾ നേരത്തെയും ഉയർന്നിരുന്നു. രാത്രികാലങ്ങളിൽ വാഹനത്തിൽ മാലിന്യങ്ങളുമായി പോകുന്ന സംഘം ആളൊഴിഞ്ഞ സ്ഥലങ്ങളിലെല്ലാം ഇവ വലിച്ചെറിയും. അതേസമയം ഇനിയൊരു വാഹനവും അതിർത്തി കടന്ന് തമിഴ്നാട്ടിലേക്ക് എത്തില്ലെന്ന കർശന നിലപാടിലാണ് തമിഴ്നാട് പൊലീസും.