paaramparya-vaidyam

തിരുവനന്തപുരം: പാരമ്പര്യ ചികിത്സകളുടെ (ചിന്താർമണി നാട്ടുവൈദ്യം, സിദ്ധ വൈദ്യം, ആയുർവേദം) പ്രധാന ആചാര്യനും ഋഷിവര്യനുമായ അഗസ്ത്യമുനിയുടെ ജയന്തി ആഘോഷങ്ങൾ മുൻ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സത്യൻ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ പരിപാടികളുടെ മുഖ്യ സംഘാടകൻ ഡോ.സുരേഷ്‌കുമാർ ആശാൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
ഔഷധ സസ്യ ബോർഡ്‌ മുൻ ഡയറക്ടർ ഡോ.രാധാകൃഷ്ണൻ പാരമ്പര്യ വൈദ്യത്തിൽ ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. പാരമ്പര്യ നാട്ടുവൈദ്യ മേഖലയിലെ പ്രധാന സംഘടനയായ പാറശാല ദേവദാസൻ വൈദ്യർ സിദ്ധ മർമ്മ റിസർച്ച് ഫൗണ്ടേഷനും പതഞ്ജലി പാരമ്പര്യ ചികിത്സ യോഗ ആൻഡ് മാർഷ്യൽ ആർട്സ് അസോസിയേഷനുമാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ആചാര്യ റിച്ചാർഡ് സ്റ്റാൻഡോ ഗുരുക്കൾ, മനുവേൽ ആശാൻ, വാസുദേവ കിഷോർ ഗുരുക്കൾ, രാമചന്ദ്രൻ ആശാൻ, രാജ വൈദ്യൻ സ്വാമി മോഹൻലാൽ എന്നിവർ പങ്കെടുത്തു. സെക്രട്ടറി പ്രിൻസ് വൈദ്യർ സ്വാഗതവും വൈസ് പ്രസിഡന്റ്‌ അപ്പു വൈദ്യർ നന്ദിയും പറഞ്ഞു.