k

തിരുവനന്തപുരം: സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്തുവിടാവുന്ന വിവരങ്ങൾ ഉറപ്പായും പുറത്തുവിടുമെന്ന് മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരിനായർ 'കേരളകൗമുദി'യോട് പറഞ്ഞു. ഇതുസംബന്ധിച്ച സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകൾ പഠിക്കുകയും സമാന വിഷയത്തിൽ ഹൈക്കോടതിയിൽ കേസുകളുണ്ടോയെന്ന് പരിശോധിക്കുകയും വേണം. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ കമ്മിഷൻ ഇടപെടില്ല. നിയമവശങ്ങളടക്കം എല്ലാ വശങ്ങളും മനസിലാക്കിയശേഷമായിരിക്കും കമ്മിഷന്റെ തുടർനടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരിനായർ, വിവരാവകാശ കമ്മിഷണർമാരായ ഡോ. കെ.എം. ദിലീപ്, ഡോ.അബ്ദുൾ ഹക്കിം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാവും ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ പരിഗണിക്കുക. ബെഞ്ച് സിറ്റിംഗിനു ശേഷമേ കമ്മിഷനിൽ നിലവിലുള്ളതും ഇനി വരുന്നതുമായ പരാതികളിലും അപ്പീലുകളിലും തീരുമാനമെടുക്കൂ. ഡോ.ഹക്കിം നിലവിൽ ഇതു സംബന്ധിച്ച ഹർജികൾ പരിഗണിച്ചിരുന്നതാണ്. എന്നാൽ, ഡോ.കെ.എം. ദിലീപ് ഹേമ റിപ്പോർട്ട് കണ്ടിട്ടില്ല. അതിനാൽ വിശദമായ പരിശോധനകൾക്കു ശേഷമായിരിക്കും ഇനി ബെഞ്ച് ഹർജികൾ പരിഗണിക്കുക. കമ്മിഷൻ ഔദ്യോഗികമായി അറിയിക്കുന്നവയല്ലാത്ത വിവരങ്ങൾ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കരുതെന്ന് കമ്മിഷൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

പുറത്തുവിടാത്ത 112 ഖണ്ഡികകൾ?

ഹേമ കമ്മിഷൻ റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ 11ഖണ്ഡികകൾ അടക്കം ഇതുവരെ പുറത്തുവരാത്ത 112 ഖണ്ഡികകൾ പുറത്തുവിടണമെന്നുള്ള അപ്പീലുകൾ കമ്മിഷനിലുണ്ട്. കഴിഞ്ഞ 7ന് ഇതു സംബന്ധിച്ച് ഡോ.ഹക്കിം വിധി പറയുന്നതിന് തൊട്ടുമുൻപ്, കമ്മിഷനു മുന്നിൽ തടസഹർജിയെത്തിയിരുന്നു. സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവരുന്നത് മനഃപൂർവം വൈകിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതോടെയാണ് വിശദ പരിശോധനകൾക്കും ഭിന്നാഭിപ്രായങ്ങൾക്കും അവസരമൊരുക്കാൻ കമ്മിഷൻ ഡിവിഷൻ ബെഞ്ച് രൂപീകരിച്ചത്.