തിരുവനന്തപുരം: കടുത്ത മാനസിക സമ്മർദ്ദം കാരണം ഒട്ടേറെ പൊലീസുകാർ ജീവനൊടുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ പൊലീസ് അക്കാഡമിയിലെ ഗവേഷണ വിഭാഗത്തെ ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തി. ജോലിസമ്മർദ്ദവും മേലുദ്യോഗസ്ഥരുടെ ശകാരവും അടക്കമുള്ള പ്രശ്നങ്ങളാവും പഠിക്കുക. ഗർഭിണിയായ ഭാര്യയെ പരിചരിക്കാനും മരണക്കിടക്കയിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കാനും വിവാഹ വാർഷികത്തിന് കുടുംബത്തോടൊപ്പം ഒത്തുകൂടാനുമൊന്നും കഴിയാത്ത സ്ഥിതിയാണ് പൊലീസിനെന്ന് 'സ്വയം ഒടുങ്ങി പൊലീസ് " എന്ന പരമ്പരയിൽ 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു.

കുട്ടികളുടെ പിറന്നാളിനും മറ്റത്യാവശ്യങ്ങൾക്കും പൊലീസുകാർക്ക് അവധി നൽകണമെന്നാണ് ഡി.ജി.പിയുടെ സർക്കുലർ. ഇത് പാലിക്കാറില്ല. 8വർഷത്തിനിടെ 130പേർ ആത്മഹത്യ ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. ജീവനൊടുക്കിയ പൊലീസുകാരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപാഠികൾ, അയൽവാസികൾ എന്നിവരിൽ നിന്നെല്ലാം വിവരം തേടും. സേനാംഗങ്ങളിൽ നിന്നും വിവരശേഖരണമുണ്ടാവും. ഇതിനായി ചോദ്യാവലിയുണ്ടാവും. രണ്ടുമാസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് നൽകും.

ജോലിഭാരവും മാനസികസമ്മർദ്ദവും താങ്ങാനാവാതെയാണ് ആത്മഹത്യകളിലേറെയും. പക്ഷേ, സർക്കാർ രേഖകളിൽ കുടുംബ, സാമ്പത്തിക പ്രശ്നങ്ങളാണ് മുഖ്യകാരണം. എട്ടു മണിക്കൂറാണ് ഡ്യൂട്ടിയെങ്കിലും 12-18 മണിക്കൂർ ജോലിയുള്ള സ്റ്റേഷനുകളുണ്ട്. 8മണിക്കൂർ ഡ്യൂട്ടി തിരക്കേറിയ 52സ്​റ്റേഷനുകളിൽ മാത്രമാണ്. പൊലീസിന്റെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള പരിഹാരമാർഗ്ഗങ്ങളും പഠനത്തിൽ കണ്ടെത്തും.

സമ്മർദ്ദങ്ങൾ


മാനസികസമ്മർദ്ദം,ജോലിസമ്മർദ്ദം,സാമ്പത്തികം,കുടുംബപരം,ആരോഗ്യപരം,കഠിനഡ്യൂട്ടി,അവധിയില്ലായ്മ.