തിരുവനന്തപുരം: അംബേദ്കറിന്റെ പേരിൽ വിവാദങ്ങൾ നടക്കുന്ന സമയത്ത് ,ഭരണഘടനയുടെ യഥാർത്ഥ ശില്പി ജവഹർലാൽ നെഹ്റു ആണെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ .എ ജയശങ്കർ പറഞ്ഞു. സൂര്യ ഫെസ്റ്റിനോട് അനുബന്ധിച്ച് തൈക്കാട് ഗണേശത്തിൽ ഭരണഘടനയെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റുവിന്റെ താത്പര്യങ്ങളാണ് ഭരണഘടനയിൽ പ്രതിഫലിച്ചിട്ടുള്ളത്. കാലത്തിനുമുന്നേ ചിന്തിച്ച അദ്ദേഹം മുൻകൈയെടുത്ത് അംബേദ്കർ ഉൾപ്പെടെയുള്ളവർ തയ്യാറാക്കിയ ഭരണഘടന കാലത്തെ അതിജീവിക്കുന്നു. പോരായ്മകൾ ഉണ്ടെന്നത് വാസ്തവം. എന്നാൽ 75 വർഷങ്ങൾക്കിപ്പുറവും ഭരണഘടനയിൽ വലിയ പോറലുകൾ ഏറ്റിട്ടില്ല. ജനാധിപത്യം ശക്തമായ സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങളിൽ മുതലാളിത്തവും ശക്തമാണ്. മുതലാളിത്തത്തിന്റെ ഉപോത്പന്നമാണ് ജനാധിപത്യം.ഇന്ത്യയിൽ ജനങ്ങൾക്ക് അവകാശങ്ങളെക്കുറിച്ച് ധാരണയുണ്ടെങ്കിലും ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനെപ്പറ്റി അറിയില്ല. സാമ്പത്തികമായ അടിത്തറയാണ് ജനാധിപത്യത്തിന്റെ കാതൽ. ഇന്ത്യയിൽ സാമ്പത്തികവും സാമൂഹികവുമായ വൈവിദ്ധ്യങ്ങളും അന്തരങ്ങളും കാരണം ജനാധിപത്യം വിജയിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.