
ചിറയിൻകീഴ്: ശാർക്കര ആറിന് കുറുകേ ശാർക്കര-ചന്തിരം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് നിലവിലുള്ള കോൺക്രീറ്റ് നടപ്പാലം മാറ്റി ഓവർബ്രിഡ്ജ് പണിയണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. നിലവിലുള്ള കോൺക്രീറ്റ് പാലത്തിലൂടെ വാഹനങ്ങൾക്കൊന്നും കടന്ന് പോകുവാൻ സാധിക്കില്ല. ഓവർബ്രിഡ്ജ് നിർമിച്ചാൽ ശാർക്കരയിലെ ഗതാഗതക്കുരുക്കിനും ഒരു പരിധി വരെ ശമനമാകും.
ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് രണ്ടു മാസത്തിലേറേ നീണ്ട് നിൽക്കുന്ന വാണിജ്യ വ്യാപാര മേളയാണ് ഇവിടെ നടക്കുന്നത്. ഈ സമയങ്ങളിലെല്ലാം ശാർക്കര ജംഗ്ഷനിൽ തിരക്കും ഗതാഗതക്കുരുക്കും കൂടുതലാണ് അനുഭവപ്പെടുന്നത്. ശാർക്കര പൊങ്കാലയ്ക്കും ശാർക്കര കാളിയൂട്ടിനും ഇതിന് സമാനമായ അവസ്ഥയാണ്. ഇവിടെ ഒരു ഓവർബ്രിഡ്ജ് വന്നാൽ പണ്ടകശാല വഴി വരുന്ന വാഹനങ്ങൾക്ക് ശാർക്കര ജംഗ്ഷനിൽ കടക്കാതെ കടകം വഴി പെരുങ്ങുഴി ഭാഗത്തേക്ക് പോകുവാൻ സാധിക്കും. പോരെങ്കിൽ വലിയ തിരക്കുണ്ടാകുന്ന വിശേഷ അവസരങ്ങളിൽ വൺവേ ആയിട്ടും ഓവർബ്രിഡ്ജ് വന്നാൽ ഗതാഗതം നിയന്ത്രിക്കാൻ സാധിക്കും.
ശാർക്കരയിലെത്താൻ എളുപ്പ മാർഗം
മുമ്പ് ഇവിടെ തടിപ്പാലമാണ് ഉണ്ടായിരുന്നത്. 1997ലാണ് എം.പി ഫണ്ട് ഉപയോഗിച്ച് അത് പൊളിച്ച് മാറ്റി ഇന്ന് കാണുന്ന കോൺക്രീറ്റ് ബ്രിഡ്ജ് നിർമ്മിച്ചത്. കടകം, ചന്തിരം, പുളുന്തുരുത്തി തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്ക് ശാർക്കരയിലെത്താനുള്ള എളുപ്പ മാർഗമാണിത്. പാലത്തിന് ഇരുവശത്തുമുള്ള റോഡിന് വീതിയുളളതിനാൽ സ്ഥലം എടുക്കേണ്ടി വരുമെന്നുളള ആവശ്യവും ഇവിടെയില്ല. ഇതു സംബന്ധിച്ച് നാട്ടുകാർ ഒപ്പിട്ട ഹർജി ബന്ധപ്പെട്ട ജനപ്രതിനിധികൾ അടക്കമുളളവർക്ക് കൈമാറിയിട്ട് നാളേറെയായി.