ശിവഗിരി: ശ്രീനാരായണഗുരുദേവ ചൈതന്യം ലോകമാകെ എത്തിക്കേണ്ടതാണെന്ന് കൾച്ചൂരി സമാജം ദേശീയ പ്രസിഡന്റും എൽ.എൻ.സി.ടി യൂണിവേഴ്സിറ്റി ഭോപ്പാൽ ചാൻസലറുമായ ജയ് നാരായൺ ചോക്‌സെ പറഞ്ഞു... ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി ശ്രീനാരായണീയ സമൂഹ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവ ദർശനം ഉൾക്കൊണ്ടുള്ള ജീവിതം നയിക്കുന്നവരാണ് കൾച്ചൂരി സമൂഹം. ഗുരുദേവ കൃതികൾ മൊഴിമാറ്റം വരുത്തി ലോകത്തെവിടെയും എത്തിക്കുന്നതിൽ തങ്ങളുടേതായ പങ്കുവഹിക്കുമെന്നും ജയ് നാരായൺചോക്‌സെ പറഞ്ഞു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമിസച്ചദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു വിശ്വഗുരുവാണെന്ന സത്യത്തിന് അടിവരയിടാൻ വത്തിക്കാനിൽ നടന്ന ലോകമത പാർലമെന്റ് വഴിയൊരുക്കിയതായി അദ്ദേഹം പറഞ്ഞു. ലോകത്തെ ഒരു കുടുംബമായി വിഭാവനം ചെയ്യുന്ന ഗുരുവിന്റെ ദർശനം വർത്തമാനകാലത്തിന് അനിവാര്യമാണെന്നാണ് മാർപാപ്പ അഭിപ്രായപ്പെട്ടത്. മാനവലോകത്തിന് ഐശ്വര്യസമൃദ്ധമായ ജീവിതം പ്രദാനം ചെയ്യുന്നതാണ് ഗുരുദർശനം. ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന് എന്ന വിശ്വോത്തര തത്വദർശനം പ്രവൃത്തി പഥത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് എമ്പാടും നടന്നുവരുന്നത്. നിർഭാഗ്യവശാൽ ഗുരുവിനോടോ അദ്ദേഹത്തിന്റെ കൃതികളോടോ നീതികാണിക്കാത്ത ഒരു വിഭാഗവുമുണ്ട്. ഗുരുവിനെ മറന്ന് മറ്റ് മാർഗങ്ങൾ തേടിപ്പോകുന്നത് ഗുണകരമല്ലെന്ന് സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി.

ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണവും സ്വാമി ദേവാത്മാനന്ദസരസ്വതി മുഖ്യ പ്രഭാഷണവും നടത്തി. ബണ്ടൂ ഗഡാഡെ (ഷോലാപ്പൂർ,മഹാരാഷ്ട്ര), കൃഷ്ണകാന്ത് ജയ്സ്വാൾ (ദേശീയ വൈസ് പ്രസിഡന്റ് കൾച്ചൂരി മഹാസഭ ഹൈദരാബാദ്), ചെന്നയ്യ (ഗുരുധർമ്മ പ്രചാരണ സഭ, ആന്ധ്രാപ്രദേശ്), സ്വാമി സത്യാനന്ദതീർത്ഥ (കർണാടക) , എസ്. സുവർണകുമാർ തുടങ്ങിയവരും പ്രസംഗിച്ചു. കൾച്ചൂരി മഹാസഭ ജനറൽ സെക്രട്ടറി രാജേന്ദ്രബാബു സ്വാഗതവും സ്വാമി പ്രബോധതീർത്ഥ നന്ദിയും പറഞ്ഞു.