തിരുവനന്തപുരം: നഗരത്തിലെ ക്രിസ്മസ് - ന്യൂ ഇയർ പാർട്ടികളിൽ ഗുണ്ടാ സംഘർഷം ഉണ്ടായേക്കാമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടി ആരംഭിച്ചു. ക്രിസ്മസ് -ന്യൂഇയർ ഡി.ജെ പാർട്ടികളും മറ്റ് ആഘോഷ പരിപാടികളും നടത്തുന്ന ഹോട്ടലുകൾക്ക് പൊലീസ് ഇന്നലെ മുതൽ നോട്ടീസ് നൽകിത്തുടങ്ങി. ക്രിമിനൽ പശ്ചാത്തലമുള്ളവരും ആഘോഷ പരിപാടികളുടെ ഭാഗമാകുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്രിസ്മസ്- പുതുവത്സര ആഘോഷ പാർട്ടികൾക്ക് നഗരത്തിൽ സംഘർഷ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലെത്തിയത്. ഡി.ജെ പാർട്ടിക്ക് പുറമേ മറ്റ് സ്ഥലങ്ങളിലും പ്രശ്നമുണ്ടായേക്കാമെന്ന് രഹസ്യ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ആഴ്ച ഈഞ്ചയ്ക്കലിലെ ഡാൻസ് ബാറിൽ ഗുണ്ട നേതാവ് സാജന്റെ മകൻ ഡാനി നടത്തിയ ഡി.ജെ പാർട്ടിക്കിടെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് എത്തി സംഘർഷം സൃഷ്ടിച്ചത് പൊലീസിന് ഏറെ തലവേദനായിരുന്നു. ഇതിനെ തുടർന്നാണ് ഡി.ജെ പാർട്ടികൾ നിയന്ത്രിക്കാൻ പൊലീസ് തുനിയുന്നത്.
നിബന്ധനകൾ
1. ഡി.ജെ പാർട്ടികൾ സ്‌പോൺസർ ചെയ്യുന്നവരുടെ വിവരങ്ങൾ നൽകണം
2. സംഘടിപ്പിക്കുന്നിടത്തേക്കുള്ള വഴികളിൽ സി.സി ടി.വി ക്യാമറകൾ വേണം
3. പാർട്ടിക്കെത്തുന്നവരുടെ പേരും വിവരവും രേഖപ്പെടുത്തി നൽകണം
4. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് അവസരം നൽകിയാൽ ഹോട്ടലുടമകൾക്കെതിരെ നടപടി
5. പാർട്ടികളിൽ ലഹരി പരിശോധന കിറ്റ് ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തണം
ലഹരി പിടിച്ചാൽ കുടുങ്ങും
ഡി.ജെ പാർട്ടിക്കിടെ സംഘർഷമുണ്ടാവുകയോ, ലഹരി ഉപയോഗം പിടികൂടുകയോ ചെയ്താൽ പാർട്ടിക്കി അനുമതി നൽകുന്നവർക്കും ഹോട്ടലിനുമെതിരെ നിയമ നടപടിയുണ്ടാകും. പാർട്ടികൾക്ക് പുറമെ വൻ തോതിൽ ലഹരി ഉപയോഗവും എം.ഡി.എം.എ പോലുള്ള മാരകമായ ലഹരികളുടെ കൈമാറ്റവും നടക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരിസംഘങ്ങളുടെ പ്രധാന വരുമാനസ്രോതസാണ് ഇത്തരം പാർട്ടികൾ. പൊലീസിന് പുറമേ എക്സൈസ് സംഘത്തിന്റെ സ്ട്രൈക്കിംഗ് ഫോഴ്സ് അടക്കമുള്ള വിഭാഗത്തിന്റെ പ്രത്യേക പരിശോധനയും നടത്തും.