വെഞ്ഞാറമൂട്: വാമനപുരം നദി ഇനി മാലിന്യമില്ലാതെ സ്വച്ഛമായി, ശാന്തമായി ഒഴുകും. വാമനപുരം ആറിന്റെ പുനർജീവനത്തിന് നീർധാര പദ്ധതി ഒരുങ്ങുന്നു. ഇതിനായി സർക്കാർ രണ്ടു കോടി രൂപ ചെലവിടും. വാമനപുരം മണ്ഡലത്തിലെ പ്രധാന ജലസ്രോതസാണ് വാമനപുരം നദി.
പ്ലാസ്റ്റിക് മാലിന്യമാണ് ആറിന് വില്ലനായി നിൽക്കുന്നത്. ഈ മാലിന്യം നീക്കംചെയ്ത് കുടിവെള്ള പദ്ധതികൾക്ക് പുതുജീവൻ നൽകാനാണ് നിർദ്ദേശം. ഒരു നദിയുടെ നീരൊഴുക്ക് തിരികെ പിടിക്കാനുള്ള ഏറ്റവും വലിയ പദ്ധതി കൂടിയാണിത്.
ആറിലേക്ക് മാലിന്യം എത്തുന്ന കൈവഴികളാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. അതിന്റെ ഇരുകരകളിലുമുള്ള കയ്യേറ്റങ്ങളും തിരിച്ചുപിടിക്കും. ഇവിടെ പുനരുപയോഗ സാധ്യമായ ഈറകളും മുളകളും വച്ചു പിടിപ്പിക്കും.
നീർധാര പദ്ധതി
വാമനപുരം നദിയും കൈവഴികളും മറ്റു ജലസ്രോതസ്സുകളും ഉൾപ്പെടുന്ന നീർത്തട പ്രദേശങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് നീർധാര. വാമനപുരം ബ്ലോക്ക് പഞ്ചായത്തിനാണ് പദ്ധതിയുടെ ചുമതല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള വിവിധ ഏജൻസികളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളുൾപ്പെട്ട നീർത്തട പ്രദേശങ്ങളിലെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കുന്ന തരത്തിൽ ശാസ്ത്രീയമായ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്.
വാമനപുരം നദി
ബ്രൈമൂറിലെ ചെമ്മുഞ്ചി മലകളിൽ നിന്ന് ഉത്ഭവിച്ച് എൺപത്തിരണ്ട് കിലോമീറ്റർ ഒഴുകി അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്ന വാമനപുരം ആറിൽ വലുതും ചെറുതുമായി പതിനെട്ടിലധികം കുടിവെള്ള പദ്ധതികളുണ്ട്.
പ്രശ്നങ്ങൾക്ക് പരിഹാരമാകും
കുടിവെള്ള പൈപ്പിലൂടെ എത്തുന്ന വെള്ളം മലിനമാണെന്ന പരാതിയുണ്ട്. ചെളിയും ക്ലോറിനും കലർന്ന വെള്ളം മിക്കപ്പോഴും പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരുടെ വെള്ളംകുടി മുട്ടിക്കാറുണ്ട്. പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്നതിനാൽ മിക്ക സ്ഥലങ്ങളും നദിയുടെ ഒഴുക്ക് നിലച്ചതുപോലെയാണ്. വാമനപുരം ആറിലെ മീൻമുട്ടി വൈദ്യുതോത്പ്പാദന കേന്ദ്രത്തിന്റെ പ്രവർത്തനവും പ്ലാസ്റ്റിക് മാലിന്യത്താൽ തകരാറിലാകുന്നുണ്ട്. പദ്ധതി സാധ്യമാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.