ചിറയിൻകീഴ്: ആനത്തലവട്ടം ചൂണ്ടക്കടവിലുണ്ടായ തർക്കത്തിൽ കടയ്‌ക്കാവൂർ സ്വദേശി വിഷ്‌ണുവിനെ (26) കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഓട്ടോ ജയൻ അറസ്റ്റിലായി.

കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഇയാൾ ഒരു മാസത്തിനുശേഷമാണ് പിടിയിലാകുന്നത്. തമിഴ്നാട്ടിലെ ദിണ്ടിഗലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ അതിവിദഗ്ദ്ധമായാണ് പൊലീസ് അറസ്റ്റുചെയ്‌തത്. ജയന്റെ അകന്ന ബന്ധുവിൽ നിന്നുള്ള വിവരമാണ് ജയനെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ കഴിഞ്ഞിരുന്ന ജയനെ കണ്ടെത്തുന്നതിന് സി.സി ടിവി കേന്ദ്രീകരിച്ചും നിരവധി പേരെ ചോദ്യം ചെയ്‌തുമാണ് പൊലീസ് അന്വേഷണം നടത്തിയത്.

റൂറൽ എസ്.പിയുടെ ഷാഡോ സംഘവും ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ അന്വേഷണ സംഘവും പല ടീമുകളായി തിരിഞ്ഞ് പ്രതിക്കായി തെരച്ചിൽ നടത്തിയിരുന്നു.

ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ രണ്ടാം പ്രതിയായ ജിജു (47),ഓട്ടോ ജയന്റെ കൂട്ടുകാരായ അരുൺ (31),അനൂപ് (40),രാജേഷ് (50) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.