
വക്കം: കച്ചവടത്തിന് ആളില്ലാതെ നോക്കുകുത്തിയായി വക്കത്തെ പൊതുചന്ത. കച്ചവടത്തിനായി കെട്ടിയിട്ട ഷെഡുകൾ നാശത്തിന്റെ വക്കിലാണ്. രാവിലെ കുറച്ച്സമയം മൂന്നോ നാലോ പേർ ചന്തയുടെ സമീപത്തിരുന്ന് മലക്കറി ഉൾപ്പെടെയുള്ളവ കച്ചവടം ചെയ്യുന്നത് മാത്രമാണുള്ളത്. നിലവിൽ ഹരിതകർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യങ്ങളും സമീപത്തെ കടകളിലെ മാലിന്യങ്ങളും കൊണ്ടിടുന്ന സ്ഥലമായി ചന്ത മാറിക്കഴിഞ്ഞു.
വക്കം ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസിന് സമീപത്തായിട്ടാണ് മങ്കുഴി മാർക്കറ്റ്. വക്കത്ത് കയർ വ്യവസായം സജീവമായിരുന്ന കാലത്ത് രാവിലെ മുതൽ രാത്രി വരെ ചന്തയിൽ കച്ചവടമുണ്ടായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കയർ തൊഴിലാളികളും നാട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് ചന്തയെ ആശ്രയിച്ചിരുന്നത്. മത്സ്യവും പച്ചക്കറികളും പരമ്പരാഗത ഉത്പന്നങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങളും വിപണനത്തിനായി കൊണ്ടുവന്നിരുന്നു. അഞ്ചുതെങ്ങിൽ നിന്നും പിടിക്കുന്ന മായം ചേർക്കാത്ത മത്സ്യവും ഇവിടെ ലഭിക്കുമായിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ നിലച്ചു
ചന്തയ്ക്കുള്ളിൽ കയറാതെ മത്സ്യത്തൊഴിലാളികൾ റോഡിന് ഇരുവശങ്ങളിലും ഇരുന്നാണ് കച്ചവടം നടത്തുന്നത്. ചന്തയ്ക്കുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ നിലച്ചതും, വെള്ളക്കെട്ട് രൂപപ്പെട്ടതുമാണ് ചന്തയിൽ കയറി കച്ചവടം നടത്താത്തതിന്റെ കാരണങ്ങളായി പറയുന്നത്. കാലവർഷം ആരംഭിച്ചതോടെ പ്രവേശന കവാടത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ ചന്തയിലെ മലിനജലം ഒലിച്ചു പോകാതെ കെട്ടിക്കിടക്കുകയാണ്. സമീപത്തെ കടകളിലെ മാലിന്യങ്ങളെല്ലാം ചന്തയ്ക്കുള്ളിലാണ് കൊണ്ടിടുന്നത്. ഇത് ഭക്ഷിക്കാനായെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
ഷോപ്പിംഗ് കോംപ്ലക്സും നശിക്കുന്നു
വക്കം ചന്തയുടെ വികസനത്തിനും കച്ചവടക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 2017ൽ പഞ്ചായത്ത് ചന്തയോട് ചേർന്ന് നിർമ്മിച്ച മൂന്ന് നിലയുള്ള ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടവും പ്രവർത്തനം തുടങ്ങാതെ നാശിക്കുകയാണ്. പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയ കെട്ടിടത്തിന്റെ പല ഭാഗത്തും വിള്ളലുകൾ വീണു തുടങ്ങി. നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി കെട്ടിടം പ്രവർത്തനസജ്ജമായിരുന്നെങ്കിൽ പഞ്ചായത്തിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നാകുമായിരുന്നു. അതുകൂടാതെ കച്ചവടക്കാർക്ക് തങ്ങളുടെ സാധനസാമഗ്രികൾ കേടുകൂടാതെ സൂക്ഷിക്കുവാനും സാധിക്കുമായിരുന്നു.