
തിരുവനന്തപുരം: അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ പൊതുഭരണ വകുപ്പിലെ ആറ് പാർട്ട്ടൈം സ്വീപ്പർമാർ പെൻഷൻ തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. 18 ശതമാനം പലിശസഹിതമാണ് തിരിച്ചടയ്ക്കേണ്ടത്. 22,600 മുതൽ 86,000 രൂപവരെ ഇവർക്ക് തിരിച്ചടയ്ക്കേണ്ടി വരും.
ഇവരെ പിരിച്ചുവിടണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി കഴിഞ്ഞദിവസം ശുപാർശ ചെയ്തിരുന്നെങ്കിലും പണം തിരിച്ചുപിടിച്ചശേഷം മറ്റുനടപടികൾ മതിയെന്നാണ് സർക്കാർ തീരുമാനം. നേരത്ത മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.
അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയെന്ന് ധനവകുപ്പ് കണ്ടെത്തിയ 1458 സർക്കാർ ജീവനക്കാരിൽ ഏറെയും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലാണ്. ഈ വകുപ്പുകളും ഉടൻ നടപടികളിലേക്ക് കടക്കും. അതേസമയം, തട്ടിപ്പ് നടത്തിയ ഉന്നത ഉദ്യോഗസ്ഥരെ തൊടാതെ താഴെത്തട്ടിലുള്ള ജീവനക്കാരെ മാത്രം ബലിയാടാക്കുന്നു എന്നാണ് ആക്ഷേപം.